ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

By Sooraj Surendran.23 02 2020

imran-azhar

 

 

ആലപ്പുഴ: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അമ്പലപ്പുഴയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടർന്നാണ് പാളത്തിന് കേടുപാടുകൾ സംഭവിച്ചത്. പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായുള്ള മെറ്റലുമായി പോയ ചരക്ക് തീവണ്ടിയാണ് അമ്പലപ്പുഴ സ്റ്റേഷന് സമീപം പാളം തെറ്റിയത്. സംഭവത്തെ തുടർന്ന് പാളത്തിൽ വിള്ളലുകൾ രൂപപ്പെട്ടു. രാത്രി ഏഴ് മണിയോടെയാണ് റീറെയിലിങ് ഉപകരണത്തിന്റെ സഹായത്തോടെ തെന്നിമാറിയ ചക്രം പാളത്തിലേക്ക് കയറ്റിയത്. എറണാകുളത്ത് നിന്നുമാണ് റീറെയിലിങ് ഉപകരണം അമ്പലപ്പുഴയിൽ എത്തിച്ചത്. 11 ബോഗികളുള്ള തീവണ്ടിയുടെ എന്‍ജിനില്‍നിന്ന് അഞ്ചാമത്തെ ബോഗിയുടെ മുന്‍ഭാഗത്തെ രണ്ട് ചക്രങ്ങളാണ് പാളത്തില്‍നിന്ന് തെന്നിമാറിയത്. സംഭവത്തെ തുടർന്ന് ഞായറാഴ്ചത്തെ എറണാകുളം-ആലപ്പുഴ മെമു, ആലപ്പുഴ-കൊല്ലം മെമു, എറണാകുളം-കായംകുളം പാസഞ്ചര്‍, എറണാകുളം-കൊല്ലം മെമു, കൊല്ലം-എറണാകുളം മെമു എന്നീ ട്രെയിനുകൾ റദ്ദാക്കി. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിട്ടു. യാത്രക്കാരുടെ സൗകര്യം മാനിച്ച് ചെങ്ങന്നൂരിലും ചങ്ങനാശേരിയിലും ട്രെയിന് സ്റ്റോപ്പുകളും അനുവദിച്ചിരുന്നു.

 

OTHER SECTIONS