മുട്ട വേണമെന്ന് ഫോണില്‍, കണ്‍ട്രോള്‍ റൂമില്‍ പൊലീസിന് തലവേദന

By online desk .07 07 2020

imran-azhar

 

 

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ക്ക് പൊലീസ് സഹായം നല്‍കുമെന്ന സര്‍ക്കാര്‍ അറിയിപ്പ് പൊല്ലാപ്പായി. ഇന്നലെ രാവിലെ മുതല്‍ കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പറില്‍ വിളിച്ചത് നൂറുകണക്കിനു പേരാണ്. മുട്ട, പാല്‍, അരി, പഞ്ചസാര, പച്ചക്കറി, മീന്‍ തുടങ്ങിയവ വേണമെന്നാവശ്യപ്പെട്ടായിരുന്നു അധികം പേരും വിളിച്ചത്. ഫോണ്‍വിളി വന്നതു മുതല്‍ കണ്‍ട്രോള്‍ റൂമിലെ അധികൃതര്‍ക്ക് തലവേദനയായി. സാധനങ്ങള്‍ എങ്ങനെ എത്തിക്കണമെന്നതു സംബന്ധിച്ച് ക്രമീകരണം ഒരുക്കാതെയായിരുന്നു സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയത്. പലരും ആവശ്യപ്പെട്ട സാധനങ്ങള്‍ ആര് എത്തിക്കുമെന്നതായിരുന്നു പൊലീസിനെ കുഴപ്പിച്ച ചിന്ത. ഇതിനായി പ്രത്യേക ടീമിനെ നേരത്തെ തയാറാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പലരും അവശ്യ സാധനങ്ങള്‍ പോലും വാങ്ങിയിരുന്നില്ല.

 

മാത്രമല്ല ലോക്ക്ഡൗണ്‍ പ്രഖ്യാപനം വന്നപ്പോഴേക്കും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും അടച്ചുപൂട്ടിയിരുന്നു.അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കാതെ വന്നതോടെ പൊലീസ് തീരുമാനം മാറ്റി. സാധനങ്ങള്‍ എത്തിക്കാനാകില്ലെന്ന് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണിലെ നിയന്ത്രണങ്ങളില്‍ അയവുവരുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ജനങ്ങള്‍ക്ക് അടുത്തുള്ള കടയില്‍ നേരിട്ട് പോയി സാധനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി. പൊലീസിന് സാധനങ്ങള്‍ വീട്ടില്‍ എത്തിക്കാനാകില്ലെന്ന് അറിയിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം തലസ്ഥാനത്ത് പുനരാരംഭിക്കും. കുടുംബശ്രീ ഹോട്ടലുകളില്‍ നിന്നു മാത്രം ഭക്ഷണവിതരണം നടത്തും. അവശ്യസാധന വിതരണം അടിയന്തരഘട്ടത്തില്‍ മാത്രമായിരിക്കുമെന്നും സമീപത്തെ പലചരക്ക്, പാല്‍, പച്ചക്കറി, മരുന്ന് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ സാക്ഷ്യപത്രം നല്‍കേണ്ടിവരും. അടിയന്തര ആവശ്യത്തിന് പൊലീസിനെ വിളിക്കാം, നമ്പര്‍: 9497900999, 9446748626, 9497160652, 0471-2333101 എന്നീ നമ്പറുകളില്‍ വിളിക്കണം.

 

OTHER SECTIONS