By സൂരജ് സുരേന്ദ്രന്.29 12 2021
തിരുവനന്തപുരം: പേട്ടയിൽ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അനീഷും, ലാലുവിന്റെ മകളും പരിചയക്കാരാണെന്ന് പോലീസ് പറയുന്നു. ഇരുവരും പള്ളിയിൽ വെച്ചാണ് പരിചയപ്പെടുന്നത്.
ബുധനാഴ്ച പുലർച്ചെ എപ്പോഴാണ് അനീഷ് ലാലുവിന്റെ വീട്ടിലെത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ ഒരു ശബ്ദം കേട്ടാണ് ലാലു ഉണർന്നത്. എഴുനേറ്റപ്പോഴാണ് പെട്ടെന്നൊരാൾ ഓടിമറയുകയും ബാത്രൂമിൽ കയറി വാതിലടക്കുകയും ചെയ്യുന്നത് കണ്ടത്.
തുടർന്ന് അടുക്കളയിൽ നിന്ന് വെട്ടുകത്തിയുമായി ലാലു കുളിമുറിയിലേക്ക് കടന്നു. ഇതിന് പിന്നാലെയുണ്ടായ പിടിവലിയിലാണ് അനീഷ് കൊല്ലപ്പെട്ടത്. എന്നാൽ വീടിന്റെ രണ്ടാം നിലയിൽ വെച്ചാണ് അനീഷിന് കുത്തേൽക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
അനീഷ് ജോർജ് രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്. ഇയാൾ രാത്രി എന്തിനാണ് ലാലുവിന്റെ മകളെ കാണാനെത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങൾ ആണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.
ലാലുവിന്റെ കുടുംബത്തെ വീട്ടിൽ നിന്ന് പോലീസ് മാറ്റിയിട്ടുണ്ട്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണുള്ളത്.
ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.