തിരുവനന്തപുരം വിമാനത്താവളം ഇനിയെങ്കിലും ഗതിപിടിക്കുമോ ?

By ബി.വി. അരുണ്‍ കുമാര്‍.10 08 2020

imran-azhar

 

 

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനഅപകടത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് റണ്‍വേ നിര്‍മ്മാണപ്രശ്‌നമാണെന്ന നിഗമനം ഉയരുമ്പോള്‍ തന്നെ മികച്ച റണ്‍വേ അടക്കമുളള മികവുകളുടെ പേരില്‍ തിരുവനന്തപുരം വിമാനത്താവളവും ചര്‍ച്ചയാകുകയാണ്.അതേസമയം തെക്കേ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വിമാനത്താവങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുമ്പോഴും തിരുവനന്തപുരം എയര്‍പോര്‍ട്ടിന് അവഗണന മാത്രം എന്ന പരാതിയും സമാന്തരമായി ഉയരുകയാണ്. അനുയോജ്യമായ ഭൂപ്രകൃതിയും വികസനത്തിന് അനുബന്ധമായ മറ്റു ഘടകങ്ങളും ഉള്ളപ്പോഴും തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ് തിരുവനന്തപുരം വിമാനത്താവളം. അഞ്ച്മില്യണ്‍ യാത്രക്കാര്‍ വരെയുള്ള ലോകത്തെ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഏഷ്യാ-പസഫിക് മേഖലയിലെ മികച്ച വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് തിരുവനന്തപുരവും. വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള സൗകര്യം. ചെക്ക്-ഇന്‍ സൗകര്യം, ഭക്ഷണം, പാനീയങ്ങള്‍, വിമാനത്താവളത്തിനുള്ളിലെ അന്തരീക്ഷം, സൗകര്യങ്ങള്‍ എന്നിവയടക്കം 34 ഘടകങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നേടിയത്. 2015ലും എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ.സി.ഐ) നടത്തിയ സര്‍വേയില്‍ മികച്ച വിമാനത്താവളമായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ വിമാനത്താവളത്തിനാണ് വികസനം ഇന്നും അന്യമായി നില്‍ക്കുന്നത്. സ്വകാര്യ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പലതും വെട്ടിക്കുറച്ചിരുന്നു. മാത്രമല്ല യാത്രാനിരക്കും വര്‍ദ്ധിപ്പിച്ചിരുന്നു.

 

ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റും ഐടി ഹബ്ബായ ടെക്‌നോപാര്‍ക്കും സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്താണ്. സ്വാഭാവിക ഭൂപ്രകൃതിക്കനുസരിച്ചാണ് തിരുവനന്തപുരം വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല ഏറ്റവും കൂടുതല്‍ സ്ഥലസൗകര്യമുള്ള വിമാനത്താവളവും തിരുവനന്തപുരമാണ്. എന്നാല്‍ ഈ വിമാനത്താവള വികസനത്തിനായി ജനപ്രതിനിധികളാരുംതന്നെ ഒരക്ഷരം മിണ്ടുന്നുമില്ല. വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറോളം വിമാനങ്ങളാണ് തലസ്ഥാനത്ത് പറന്നിറങ്ങുന്നതും തിരികെ പോകുന്നതും. സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരത്തു നിന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും എം പിയും ഉള്‍പ്പെടെ ഡല്‍ഹിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നതും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ്. എന്നാല്‍ വിമാനത്താവള വികസനം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ല.

 

എല്ലാം അനുകൂലം പക്ഷേ , ചോദിക്കാന്‍ ആരുമില്ല


കഴിഞ്ഞവര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചത്. അദാനിക്കാണ് ടെന്‍ഡര്‍ നല്‍കിയതും. എന്നാല്‍ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തു വരികയും നടത്തിപ്പവകാശം അവര്‍ക്ക് നല്‍കണമെന്നും കേന്ദ്രത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശമാണ് അന്ന് അദാനിക്ക് നല്‍കിയത്. തിരുവനന്തപുരം മാത്രം അവര്‍ ഏറ്റെടുത്തിട്ടില്ല.മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങള്‍ക്ക് ആകാശത്ത് വച്ച് പ്രതികൂല സാഹചര്യമുണ്ടായാല്‍ അടിയന്തിരമായി ഇറങ്ങാന്‍ അനുയോജ്യമായതും തിരുവനന്തപുരം വിമാനത്താവളമാണ്. അത്തരം അനുകൂല ഘടകങ്ങള്‍ നിരവധിയുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമായിട്ടും തിരുവനന്തപുരം വിമാനത്താവളത്തള വികസനം മരീചികയായി മാറുകയാണ്.ഒരു വിമാനത്താവളം കൂടി നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ഇപ്പോഴും തിരുവനന്തപുരത്തുണ്ട്. മാത്രമല്ല കൂടുതല്‍ സ്ഥലം ഏറ്റെടുത്തിട്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇവ പ്രയോജനപ്പെടുത്താതെ കാടുപിടിച്ചു കിടക്കുകയാണ്. സ്ഥലം എംഎല്‍എയും എം പിയും മറ്റു ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യവത്കരണത്തിനെതിരെ സമരത്തിനുണ്ടായിരുന്നുവെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്നു സംബന്ധിച്ച് ഒരക്ഷരവും മിണ്ടുന്നില്ല.

 

 

OTHER SECTIONS