കൊള്ള ചെറുക്കും

By online desk.19 12 2018

imran-azhar

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള വില്‍പ്പനയ്ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ച ടെന്‍ഡറില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) പങ്കെടുക്കും. കഴിഞ്ഞ ദിവസമാണ് ടിയാല്‍ എന്ന പേരില്‍ കമ്പനി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനും ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും ധനകാര്യ സെക്രട്ടറി മനോജ് ജോഷിയും അംഗങ്ങളായ കമ്പനിയാണിത്. 10 ലക്ഷം സര്‍ക്കാരിന്റെ പ്രാരംഭ ഓഹരിയും 5 ലക്ഷം മൂലധനവുമുണ്ട്. ചീഫ് സെക്രട്ടറി ഡല്‍ഹിയില്‍ പോയി ഇതിനു വേണ്ട നടപടികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തിന് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ചീഫ് സെക്രട്ടറി സമ്മര്‍ദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലേല നടപടികള്‍ ഒഴിവാക്കാനായാണ് സംസ്ഥാനം കമ്പനി രൂപീകരിച്ചത്. പ്രതിവര്‍ഷം 150 കോടി രൂപ ലാഭമുണ്ടാക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പിടിച്ചെടുക്കാനുള്ള കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ ശ്രമത്തെ തടയാന്‍ അരയും തലയും മുറുക്കി സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുകയാണ് ടിയാല്‍ രൂപീകരണത്തിലൂടെ. 50 വര്‍ഷത്തേക്ക് പൂര്‍ണ സ്വാതന്ത്ര്യത്തോടെ വിമാനത്താവളം കൈവശം വെക്കാനുള്ള സ്വകാര്യ കുത്തകകളുടെ ശ്രമത്തിന് തടയിടാനാണ് സര്‍ക്കാര്‍ നോക്കുന്നത്.

 

സ്വകാര്യവത്ക്കരിക്കാനുള്ള ആറ് വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന് സംസ്ഥാനം നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍, കെ.എസ്.ഐ.ഡി.സി, കിഫ്ബി, നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്നിവ ടിയാലില്‍ ഓഹരിയെടുക്കും.


തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കേണ്ട എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. എന്നാല്‍ സ്വകാര്യവത്കരണ നീക്കവുമായി കേന്ദ്രം മുന്നോട്ടു പോയാല്‍ ലേലം ഒഴിവാക്കണം. അല്ലെങ്കില്‍ സംസ്ഥാനസര്‍ക്കാരിന് 26 ശതമാനം ഓഹരിയുള്ള കമ്പനിക്ക് നിയമപ്രകാരമുള്ള ആദ്യപരിഗണന നല്‍കണം. സ്വകാര്യ കമ്പനികള്‍ എത്ര തുക ക്വാട്ട് ചെയ്താലും സര്‍ക്കാരിന് ആവശ്യമില്ലെങ്കിലേ അവരെ പരിഗണിക്കാവൂ. വിമാനത്താവളങ്ങളുടെ നടത്തിപ്പിലെ മുന്‍പരിചയം പരിഗണിച്ച് സര്‍ക്കാരിന് പ്രത്യേക പരിഗണന നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് നടത്തിപ്പവകാശം ലഭിക്കുകയാണെങ്കില്‍ വിദേശ കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്നുണ്ടാക്കുന്ന കസോര്‍ഷ്യത്തിന് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കാമെന്നാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടല്‍. അടിസ്ഥാനസൗകര്യ വികസനത്തിന് വിദേശനിക്ഷേപവും സ്വീകരിക്കാം. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്് അടക്കമുള്ള വിമാനത്താവളങ്ങള്‍ പങ്കാളിയാകാമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകളും തുടങ്ങും.


മറിച്ചാണ് കാര്യങ്ങളെങ്കില്‍ വിമാനസര്‍വീസുകളുടെ നിയന്ത്രണമൊഴികെ എല്ലാം വിമാനത്താവള അതോറിട്ടിക്ക് നഷ്ടമാവും. പാട്ടഭൂമിയില്‍ നിയന്ത്രണവുമുണ്ടാകില്ല. വിദേശ നിക്ഷേപത്തോടെയുള്ള സൗകര്യങ്ങള്‍ വരുന്നതോടെ, മുടക്കു മുതല്‍ തിരിച്ചുപിടിക്കാന്‍ യൂസര്‍ ഫീസും വര്‍ദ്ധിപ്പിക്കാനിടയുണ്ട്. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗിലെ 1200 ജീവനക്കാര്‍, ടാക്‌സിക്കാരടക്കമുള്ള 20,000 പേര്‍ക്ക് ജോലി നഷ്ടമാകും. അതോറിട്ടിയുടെ റിക്രൂട്ടമെന്റും നിലയ്ക്കും. 2019 ഫെബ്രുവരി 19ന് മുമ്പ് ടെന്‍ഡര്‍ സമര്‍പ്പിക്കണമൊണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.

 

OTHER SECTIONS