തിരുവനന്തപുരത്ത് അതീവ ജാഗ്രത; ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു, 4 നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു

By online desk .04 07 2020

imran-azhar

 

 

തിരുവനന്തപുരം: തലസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത.  പുതുതായി 4 പേര്‍ക്ക് കൂടി ഉറവിടം അറിയാതെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഇന്നലെ കുന്നത്തുകാല്‍ സ്വദേശിയായ സൊമാറ്റോ ജീവനക്കാരന് രോഗം സ്ഥീകരിച്ചിരുന്നു. ഇതോടെ കണ്ടെയിന്‍മെന്റ് മേഖലകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. പാളയം മത്സ്യമാര്‍ക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. നഗരത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഇയാള്‍ ഭക്ഷണം വിതരണം ചെയ്തു്. ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ ഭക്ഷണം വിതരണംചെയ്തതിലൂടെയാകാം ഇയാള്‍ക്ക് രോഗം ബാധിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

 

ജില്ലയില്‍ 4 പുതിയ നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണും കണ്ണമ്പള്ളിയും പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്ന് കിടക്കുന്ന വാണിജ്യ മേഖല തുടങ്ങിയവയാണ് പുതിയ നിയന്ത്രിത മേഖലകള്‍. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തലസ്ഥാനത്ത് നിരീക്ഷണവും ജാഗ്രതയും വര്‍ധിപ്പിക്കാനാണ് ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

 

നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നാണ് അധികൃതുടെ തീരുമാനം. ഇന്നലെ രോഗം സ്ഥിരീകരിച്ച 16 പേരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ട നാലുപേരും നഗരവാസികളാണ്. നാല് പേരുടെയും ഉറവിടം വ്യക്തമല്ല. ഇതോടെ തിരുവന്തപുരത്ത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം 26ആയി.


കോവിഡ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് കഴക്കൂട്ടത്തെ ആശുപത്രികളും നാലാഞ്ചിറ കെജികെ ആശുപത്രിയും സന്ദര്‍ശിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. യാത്രാപശ്ചാത്തലമില്ലാത്ത പൂന്തുറ സ്വദേശിയായ 66കാരനും കുമരിച്ചന്ത മീന്‍ ചന്തയിലെ ജീവനക്കാരനായ കല്ലാട്ടുമുക്ക് സ്വദേശിക്കും രോഗം സ്ഥിരികരിച്ചു.


നെയ്യാറ്റിന്‍കര സ്വദേശിയും വിഎസ്എസ്സിയിലെ അപ്രന്റീസ് ട്രെയിനിയുമായ ആളുടെ റൂട്ട് മാപ്പും പുറത്തുവന്നു. വഴുതൂരിലെ നിരവധി കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഇയാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പാളയം ഗുഡ് മോണിംഗ് സ്റ്റോറിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി 14 ദിവസത്തെ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം 28, 29 തീയതികളില്‍ പാളയത്തെ വിവിധ കടകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

 

പൂന്തുറ, ബീമാപള്ളി അടക്കമുള്ള തീരപ്രദേശങ്ങളെ പ്രത്യേകം നിരീക്ഷിക്കാനായി കണ്ട്രോള്‍ റൂം തുറക്കും. നഗരസഭയുടെ പ്രത്യേക സ്‌ക്വാര്‍ഡുകളെ രാത്രികാല പരിശോധനകള്‍ക്കായി നിയമിക്കും. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ബാലാരാമപുരം സ്വദേശിയായ വെല്‍ഡറുടെ റൂട്ട് മാപ്പ് പുറത്തു വിട്ടിട്ടുണ്ട്. ബാലരാമപുരം , കോട്ടുകാല്‍ വില്ലേജ് ഓഫീസുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസ്, മെഡിക്കല്‍ കോളേജിലെ ഒപി ബ്ലോക്ക് എന്നിവിടങ്ങളെല്ലാം ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ട്. കാലടിയിലെ ഒരു വീട്ടില്‍ വെല്‍ഡിംഗ് ജോലിക്കും ഇയാള്‍ പോയി.

 

 

 

OTHER SECTIONS