തിരുവനന്തപുരം വിമാനത്താവളം യൂസഫലിക്ക്

By mathew.29 08 2019

imran-azhar

 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം എം.എ. യൂസഫലിക്ക്. ഇതോടെ വിമാനത്താവളം അദാനി കൈപ്പിടിയിലാക്കുമെന്ന സംശയം മാറി. സാങ്കേതിക നടത്തിപ്പ് ചുമതല സര്‍ക്കാരിനായിരിക്കും. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ ഓഹരികള്‍ യൂസഫലിയാണ് സ്വന്തമാക്കിയത്. ഇതിന്റെ ചുവടുപറ്റിയാണ് തിരുവനന്തപുരം വിമാനത്താവളത്തിലും യൂസഫലിക്ക് ഷെയര്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) കമ്പനിയുടെ കീഴിലാകും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. നേരത്തെ ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിയാണ് സ്വന്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വകാര്യവത്കരണത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറിയത്. ടെന്‍ഡറില്‍ ടിയാലും പങ്കെടുത്തെങ്കിലും ക്വോട്ട് ചെയ്ത തുക ചെറുതായതാണ് സംസ്ഥാനം പിന്തള്ളപ്പെടാന്‍ കാരണം. കെഎസ്‌ഐഡിസിയുടെ കീഴിലാണ് ടിയാല്‍ കമ്പനി രൂപീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവത്കരിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു.
ഇതിന്റെ ചുവടുപിടിച്ചാണ് യൂസഫലിക്ക് വലിയൊരു ഷെയര്‍ നല്‍കി വിമാനത്താവള നടത്തിപ്പവകാശം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നത്. നിലവില്‍ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ യൂസഫലിക്ക് 40%ത്തിലധികം ഓഹരിയുണ്ട്. തിരുവനന്തപുരത്തും ഷെയറെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങള്‍ സ്വന്തമാക്കിയ സ്വകാര്യ വക്തിയെന്ന ബഹുമതിയും യൂസഫലിക്ക് സ്വന്തം. 268 ഏക്കര്‍ സ്ഥലത്താണ് തിരുവനന്തപുരം വിമാനത്താവളം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വന്തമാക്കാനായി മുഖ്യമന്ത്രി പിണറായി വിജയനുമായി അദാനി ഗ്രൂപ്പ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതിനു വഴങ്ങാന്‍ അദ്ദേഹം തയാറായില്ല.
സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ചെയര്‍മാന്‍ സ്ഥാനവും 26% ഓഹരിയും ലാഭവിഹിതവും നല്‍കാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. തത്കാലം അക്കാര്യം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നടത്തുന്ന അദാനിക്ക് വിമാനത്താവളവും സ്വന്തമാക്കാനുള്ള പഴുതാകും അതെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രി അവരുടെ ആവശ്യം തള്ളിയത്. തുടര്‍ന്നാണ് യൂസഫലിക്ക് മുഖ്യ ഓഹരി നല്‍കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമായിട്ടില്ല.
വിമാനത്താവളത്തിന്റെ പൂര്‍ണ ചുമതലയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും.
അതേസമയം ഒരാള്‍ക്ക് സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം നല്‍കുന്നതിന് കേന്ദ്രം അനുമതി നല്‍കുമോ എന്നതില്‍ ആശങ്കയുണ്ട്. രാജ്യത്ത് ഒരിടത്തും സ്വകാര്യ വ്യക്തിക്ക് ഇത്രയധികം ഷെയറുള്ള വിമാനത്താവളമില്ല. സുരക്ഷാ അനുമതി ലഭിക്കാന്‍ പ്രയാസമുണ്ടാകുമെന്നാണ് രാഷ്ര്ടീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന. അതേസമയം സംസ്ഥാന സര്‍ക്കാര്‍ നടത്തിപ്പവകാശം ഏറ്റെടുത്താലും അദാനി ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയ തുകയ്‌ക്കേ ഏറ്റെടുക്കാനാകൂ.
സ്വകാര്യവത്കരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്തു നിന്നും പ്രധാന ഫ്‌ളൈറ്റുകളെല്ലാം മറ്റു വിമാനത്താവളങ്ങളിലേക്കു മാറ്റിക്കഴിഞ്ഞു. വേണ്ടത്ര കണക്റ്റിവിറ്റി ഇല്ലാത്ത വിമാനത്താവളമാണ് തിരുവനനന്തപുരത്തേതെന്നാണ് പൊതുവെയുള്ള അഭിപ്രായം. മാത്രമല്ല രാജ്യത്തെ മറ്റേത് വിമാനത്താവളങ്ങളെക്കാളും കൂടുതല്‍ യൂസര്‍ ഫീ ഈടാക്കുന്നതും തിരുവനന്തപുരത്താണ്. എവേക്ക് ട്രിവാന്‍ഡ്രം എന്ന സംഘടനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ശശി തരൂര്‍ എംപിയെ നേരിട്ടുകണ്ട് സ്വകാര്യവത്കരണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.
ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രിയെയും നേരിട്ടു കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. എന്നാല്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് എംപിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സമയമാകുമ്പോള്‍ കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സര്‍ക്കാരിന് അറിയാമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിമാനത്താവളം ഏറ്റെടുക്കാനാവില്ലെന്നും നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
50 വര്‍ഷത്തെ നടത്തിപ്പവകാശമാണ് അദാനി ഗ്രൂപ്പ് ലേലത്തിലൂടെ മംഗളൂരു, അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ എന്നിവയുടെ നടത്തിപ്പവകാശം സ്വന്തമാക്കിയത്. സ്വകാര്യവത്കരണ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍ ഗുവാഹത്തി എയര്‍പോര്‍ട്ടിന്റെ ബിഡ്ധിംഗ് നടന്നില്ല. 168 കോടി രൂപയുടെ ബിഡ് ആണ് തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചത്.

OTHER SECTIONS