കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ച് വിപണി

By mathew.20 06 2019

imran-azhar

തിരുവനന്തപുരം: ട്രോളിംഗ് നിരോധനം തുടങ്ങിയപ്പോള്‍ മുതല്‍ ആവശ്യ വസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. ട്രോളിംഗ് നിരോധനം മൂലം മീന്‍ വിലയില്‍ മാത്രമല്ല പച്ചക്കറികളുടെയും മാംസത്തിന്റെയും വിലയിലും വന്‍ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്. സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കാന്‍ കഴിയുന്നത്ര വിലയാണ് മത്സ്യമാംസാദികള്‍ക്ക്. ട്രോളിംഗ് നിരോധനം കാരണം കേരള തീരത്ത് നിന്ന് മീന്‍ വരവ് മാര്‍ക്കറ്റില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും തൂത്തുക്കുടി, മഹാരാഷ്ട്ര, ഗുജറാത്ത്, മംഗലാപുരം എിവിടങ്ങളില്‍ നിന്ന് മീന്‍ എത്തുന്നുണ്ട്. എന്നാല്‍ വലിയ വിലയാണിവയ്‌ക്കെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സാധാരണക്കാരുടെ മത്സ്യമായ ചാളയുടെയും അയലയുടെയും വില 550 രൂപ വരെയെത്തിയിരുന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വലിയതുറ,ശംഖുമുഖം, വെട്ടുകാട് പ്രദേശങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു വില 500 കടന്നത്.

എന്നാല്‍ ഇന്നലെ മീന്‍ വിലയില്‍ നേരിയ മാറ്റം വന്നു. ചാള കിലോ 300, അയല അഞ്ചെണ്ണം 350 എന്നിങ്ങനെയായിരുന്നു വില. പാളയം ചന്തയില്‍ നെയ്മീന്‍ ഇന്നലെ 900 രൂപയ്ക്ക് വിറ്റപ്പോള്‍ സര്‍ക്കാരിന്റെ മത്സ്യഫെഡ് സ്റ്റാളില്‍ 550 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത് പോലെ വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളായ മത്സ്യഫെഡ്, ഹോര്‍ട്ടികോര്‍പ്, കെപ്‌കോ, മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ(എംപിഐ ) എന്നിവ വഴി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അത് ഫലം കാണുന്നതായും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള വിലയില്‍ നിന്നും വ്യക്തമാണ്. ബീന്‍സിന് പാളയം ചന്തയില്‍ കിലോ 120 രൂപ ആയിരുന്നപ്പോള്‍ ഹോര്‍ട്ടികോര്‍പ്പില്‍ 95 രൂപയെ ഉണ്ടായിരുന്നുള്ളൂ. വള്ളി പയറിന് ഹോര്‍ട്ടികോര്‍പ് വില ഇന്നലെ 60 രൂപയും ചന്തയില്‍ 100 രൂപയും ആയിരുന്നു.

കോഴിയിറച്ചി വില പെരുന്നാളിന് ശേഷം കൂടിയെങ്കിലും കഴിഞ്ഞയാഴ്ചയില്‍ നിന്നും രണ്ടു രൂപ കുറവ് ഇലെയുണ്ടായിരുന്നു. ഇന്നലെ ബ്രോയ്‌ലര്‍ കോഴിയിറച്ചി വില കിലോയ്ക്ക് 135രൂപയായിരുന്നു. നാടന്‍ കോഴിക്ക് ഈ മാസം തുടങ്ങിയപ്പോള്‍ 200 ആയിരുന്നത് 50 രൂപ കൂടി 250ല്‍ എത്തി നില്‍ക്കുന്നു. മീറ്റ് വില മാര്‍ക്കറ്റില്‍ കിലോ 680 രൂപയും മീറ്റ് പ്രോഡക്ടസ് ഓഫ് ഇന്ത്യ(എംപിഐ)യില്‍ 630 രൂപയുമാണ്.

പഴങ്ങളുടെ വിലയും ഉയരുകയാണെന്നു വ്യാപാരികള്‍ പറഞ്ഞു. സീസണ്‍ അല്ലാത്തത് കൊണ്ട് ഓറഞ്ച് വില 120ല്‍ എത്തി നില്‍ക്കുന്നു. മാതളം 120, കിര തണ്ണിമത്തന്‍ കിലോ 25, ആപ്പിള്‍ 180, കൈതച്ചക്ക 45, മുന്തിരി 80, നേന്ത്രപ്പഴം 70, കപ്പ പഴം 50, പാളയംതോടന്‍ 30 എന്നിങ്ങനെ പോകുന്നു വില. മഴ തുടങ്ങിയ സമയം ആവശ്യക്കാര്‍ കുറവായിരുമെന്നും എന്നാല്‍ മഴ മാറി വെയിലിന് അല്പം കാഠിന്യം വന്നപ്പോള്‍ വിപണി വീണ്ടും സജീവമായെന്നും വ്യാപാരികള്‍ പറഞ്ഞു.

 

OTHER SECTIONS