മണ്ഡലക്കാലത്ത് തൃപ്തിദേശായി ശബരിമലയില്‍ എത്തും

By Sarath Surendran.20 10 2018

imran-azhar

 


ന്യൂഡല്‍ഹി: വനിത അവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയുടെ ശബരിമലയാത്ര നീട്ടി. അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം ശബരിമലയില്‍ എത്താനാണ് തൃപ്തി ദേശായിയുടെ പുതിയ തീരുമാനം. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടുത്ത ആഴ്ച പുണെയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കാനാണു നീക്കം.

 

യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധി വന്നശേഷം, ഉടന്‍ ശബരിമലയിലേക്കുവരുമെന്നായിരുന്നു ഭൂമാതാ ബ്രിഗേഡ് നേതാവായ അവര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ശബരിമല വിഷയത്തില്‍ കേരളത്തിലെമ്പാടും ഉയര്‍ന്ന പ്രതിഷേധവും ശബരിമലയിലേക്കു പോയ യുവതികള്‍ക്കു തിരികെ മടങ്ങേണ്ടിവന്ന സാഹചര്യവുമാണു പുതിയ തീരുമാനത്തിനു പിന്നിലെന്നാണു സൂചന. സന്ദര്‍ശന തീരുമാനം പുനഃപരിശോധിക്കില്ലെന്നും ഒരുസംഘം യുവതികള്‍ക്കൊപ്പം താനും മലചവിട്ടുമെന്നും അവര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിംകോടതി വിധിയുള്ളതിനാല്‍ മലചവിട്ടുന്നതിനു തടസമില്ലെന്നും അതിനെ തടയുന്ന പ്രതിഷേധത്തോടു യോജിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.

 

ശബരിമല ഉള്‍പ്പെടെ സ്ത്രീ വിവേചനവിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണാനും തൃപ്തി നീക്കം നടത്തിയിരുന്നു. മോദി, മാഹാരാഷ്ട്ര ഷിര്‍ഡിക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടെ ചര്‍ച്ചയ്ക്ക് അവസരമൊരുക്കണമെന്നു കാട്ടി അഹമ്മദ്‌നഗര്‍ എസ്പിക്ക് അപേക്ഷ സമര്‍പ്പിച്ചു. അനുമതിയില്ലെങ്കില്‍ പ്രധാനമന്ത്രിയെ റോഡില്‍ തടയുമെന്നും തൃപ്തി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഷിര്‍ഡിയിലേക്കു യാത്ര തുടങ്ങും മുന്‍പേ പുണെ പൊലീസ് അവരെ കരുതലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു. പിന്നീട് പത്ത് മണിക്കൂറിനു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.

 

 

 

 

OTHER SECTIONS