50 വര്‍ഷത്തിലേറെയായി കത്തുന്ന നരകത്തിലേക്കുള്ള വാതില്‍ അടയ്ക്കാന്‍ തീരുമാനം, നടപടി ജനജീവിതം കണക്കിലെടുത്ത്

By Avani Chandra.13 01 2022

imran-azhar

 

അഷ്ഗാബാദ്: രാജ്യത്തെ കരാകം മരുഭൂമിയിലെ ദേര്‍വേസ് ഗ്രാമത്തില്‍ 50 വര്‍ഷത്തിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവാതക വിള്ളല്‍ അടയ്ക്കാന്‍ തുര്‍ക്ക്മെനിസ്താന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ദിമുഖമെദോവ് നിര്‍ദേശിച്ചു. പ്രദേശവാസികളുടെ ആരോഗ്യം കൂടി കണക്കിലെടുത്താണ് നടപടി. നിര്‍ത്താതെ എരിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ 'നരകത്തിലേക്കുള്ള വാതില്‍' എന്നാണ് ഇവിടം അറിയപ്പെടുന്നത്.

 

മരുഭൂമിയുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന വിള്ളലിന് ഏകദേശം 70 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴവുമുണ്ട്. ''കോടിക്കണക്കിനു രൂപ വില വരുന്ന പ്രകൃതി വാതകമാണ് ഇതിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. തീ കെടുത്തി, ഇവ ഉപയോഗിക്കാനായാല്‍ ഏറെ ആളുകള്‍ക്ക് ഗുണം ചെയ്യും'' -പ്രസിഡന്റ് പറഞ്ഞു.

 

ലോകത്തില്‍ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമാണ് ഇവിടെയുള്ളതെന്നാണ് വിലയിരുത്തല്‍. 2010-ലും വിള്ളലിലെ തീയണയ്ക്കാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ഉത്തരവിട്ടിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. 2018-ല്‍ പ്രദേശം സന്ദര്‍ശിച്ച ഗുര്‍ബാംഗുലി വിള്ളലിന്റെ പേര് 'കരാകത്തിന്റെ പ്രകാശം' എന്നാക്കി മാറ്റിയിരുന്നു. ലോകത്തില്‍ ഏറ്റവുമധികം പ്രകൃതിവാതക ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് തുര്‍ക്ക്മെനിസ്താന്. പ്രകൃതിവാതകങ്ങളുടെ കയറ്റുമതിയിലൂടെ മികച്ച വരുമാനമാണ് രാജ്യമുണ്ടാക്കുന്നത്.

 

തുര്‍ക്ക്മെനിസ്താന്‍, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന 1971-ലാണ് കരാകം മരുഭൂമിയില്‍ പെട്രോള്‍/പ്രകൃതിവാതക പര്യവേക്ഷണം ആരംഭിച്ചത്. ഭൂമി കുഴിച്ച ഗവേഷകര്‍ പ്രകൃതിവാതകമാണ് കണ്ടെത്തിയത്. ഇതിനിടെ കുഴി ഇടിയുകയും വന്‍ ഗര്‍ത്തമുണ്ടായി മീഥെയ്ന്‍ അടക്കമുള്ള വിഷവാതകങ്ങള്‍ പുറത്തുവരുകയുമായിരുന്നു. ഇതോടെ പര്യവേക്ഷണം അവസാനിപ്പിച്ച ഗവേഷകര്‍, വിഷവാതകങ്ങളെ ഇല്ലാതാക്കാന്‍ തീയിട്ടു. വാതകങ്ങള്‍ ആഴ്ചകള്‍ക്കകം കത്തിത്തീരുമെന്ന പ്രതീക്ഷയോടെയാണ് തീയിട്ടതെങ്കിലും 50 വര്‍ഷത്തിനു ശേഷവും തീഗോളമായിത്തന്നെ ഈ പ്രദേശം നിലനില്‍ക്കുന്നുണ്ട്.

 

OTHER SECTIONS