അമലയുടെ പുതുച്ചേരിയിലെ വീട് ശുചിമുറിയില്ലാത്ത 'ഒറ്റമുറി'; ഫഹദിന്റെ വീടിന് നിരവധി അവകാശികള്‍

By Anju N P.22 Nov, 2017

imran-azhar

 


തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് ആഡംബരക്കാറുകളുടെ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. സിനിമാ മേഖലയിലുള്ളവരും വ്യവസായികളും മറ്റും തട്ടിപ്പുകള്‍ നടത്തിയത് ഇന്‍ഷുറന്‍സ് പോളിസി മുതല്‍ ജിഎസ്ടി റജിസ്‌ട്രേഷന്‍ വരെ ഉപയോഗിച്ച്.

 

പുതുച്ചേരി തിലാസ്‌പേട്ട് സെന്റ് തെരേസാസ് സ്ട്രീറ്റില്‍ ആറാം നമ്പര്‍ വീടാണ് നടി അമല പോളിന്റേത്. ഒരു വര്‍ഷമായി ഇവിടെ താമസിക്കുന്നുവെന്ന് അവര്‍ പുതുച്ചേരി മോട്ടോര്‍വാഹന വകുപ്പിനു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കേരളത്തില്‍നിന്നു പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു കാണാന്‍ സാധിച്ചത് ടെറസിന്റെ മൂലയിലെ ഒറ്റമുറി. അകത്തു ശുചിമുറി പോലുമില്ല. ഇപ്പോള്‍ താമസം പുതുച്ചേരിയിലാണെന്നു കാണിക്കാന്‍ ഈ മുറി വിലാസമാക്കി എടുത്ത ഇന്‍ഷുറന്‍സ് പോളിസി രേഖയാണു നല്‍കിയത്. ഒരു ലക്ഷം രൂപയുടെ പോളിസി എടുത്ത നടി 860 രൂപ അടച്ചു പുതുച്ചേരി വിലാസക്കാരിയായി. തട്ടിപ്പ് നടത്തിയവരെല്ലാം ഇന്‍ഷുറന്‍സ് പോളിസിയെയാണു കൂട്ടുപിടിക്കുക. ഒരു ലക്ഷത്തിന്റെ പോളിസി എടുത്തശേഷം ഒരു ഗഡു അടയ്ക്കും. ചരക്ക്, സേവന നികുതി റജിസ്‌ട്രേഷന്‍ ഉപയോഗിച്ചാണു മറ്റു ചിലരുടെ തട്ടിപ്പ്.

 

പുതുച്ചേരി തിലാസ്‌പേട്ടിലെ തന്നെ പുതുപ്പെട്ട് സെക്കന്‍ഡ് ക്രോസ് 16ല്‍ ആണ് നടന്‍ ഫദസ് ഫാസിലിന്റെ 'വീട്'. രണ്ടുവര്‍ഷമായി താന്‍ ഇവിടെ താമസിക്കുന്നുവെന്ന് ഫഹദ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍, നഗറിന്റെ പേരില്ലാത്തതിനാല്‍ വീട് കണ്ടുപിടിക്കാനാകില്ലെന്നു തദ്ദേശവാസികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. അന്വേഷണത്തില്‍, മുരുകേശന്‍ നഗറിലും ടഗോര്‍ നഗറിലും ഈ വിലാസം കണ്ടെത്തി. മുരുകേശന്‍ നഗറിലെ വീട്ടില്‍ തദ്ദേശവാസിയായ ഫെഡറിക്കും കുടുംബവുമാണു പത്തുവര്‍ഷമായി താമസിക്കുന്നത്. മാത്രമല്ല, ഇതേ വിലാസം ഉപയോഗിച്ചു ചങ്ങനാശേരി കളപ്പുറത്തു ഹൗസില്‍ ടോമി തോമസും കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

ടഗോര്‍ നഗിലെ വീട് കണ്ടെത്തിയെങ്കിലും ഫഹദിനെക്കുറിച്ച് ആര്‍ക്കും അറിയില്ല. കോട്ടയം എംഎല്‍ റോഡിലെ കെ.ജാസ്മിനും ഈ വിലാസത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടന്‍ സുരേഷ് ഗോപി കാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹാജരാക്കിയ വിലാസത്തിലുള്ള വീടും പരിശോധിച്ചു. എല്ലപിള്ളൈ ചാവടി ഫീറ്റ് റോഡിലെ കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റില്‍ പോയപ്പോള്‍ അത് അടഞ്ഞുകിടക്കുന്നു. സമീപത്തെ താമസക്കാരിയോടു ചോദിച്ചപ്പോള്‍ വെങ്കിടേഷ് എന്നയാളാണു വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നത് എന്നറിഞ്ഞു. സിപിഎമ്മിന്റെ ജനരക്ഷാ യാത്രയ്ക്കിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാരാട്ട് ഫൈസലിന്റെ കാറും വ്യാജരേഖകള്‍ നല്‍കിയാണു പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തതെന്നു തെളിഞ്ഞു.

 

OTHER SECTIONS