By സൂരജ് സുരേന്ദ്രൻ .01 03 2021
തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. പേയാട് സ്വദേശി പ്രശാന്ത് പി. കുമാർ, ബാലരാമപുരം സ്വദേശി തേജു എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. അസാം സ്വദേശികളായ യുവതികൾക്കൊപ്പം ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് ഇവർ ആഴിമല കടലിൽ എത്തുന്നത്. തുടർന്ന് ബീച്ചിൽ ചുറ്റിക്കറങ്ങിയ ഇവർ അഞ്ച് മണിയോടെ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു.
ഈ സമയം യുവതികൾ പാറപ്പുറത്ത് വിശ്രമിക്കുകയായിരുന്നു. നീന്തൽ വശമില്ലാത്ത പ്രശാന്തും, തേജവും തിരയിൽപ്പെടുകയും ഇവരുടെ നിലവിളി കേട്ട് യുവതികൾ വിവരം നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് കോസ്റ്റ് ഗാർഡ് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
പാറക്കെട്ടുകൾക്കുള്ളിൽ ഇടുങ്ങിയ നിലയിലാണ് മതദേഹങ്ങൾ കണ്ടെത്തിയത്. പ്രശാന്ത് തിരുവനന്തപുരത്തെ സ്വകാര്യ വിനോദ ചാനലിലെ സാങ്കേതിക വിഭാഗം ജീവനക്കാരനാണ്.
കോവളത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് ഈ യുവതികൾ ജോലി ചെയ്യുന്നത്. ഫേസ്ബുക്ക് വഴിയാണ് ഇവർ സുഹൃത്തുക്കളാകുന്നത്. പെൺകുട്ടികളുടെ മൊഴി വിഴിഞ്ഞം സി ഐ രേഖപ്പെടുത്തി.