ജപ്പാനില്‍ നാശം വിതച്ച് 'ഹാഗിബിസ്' ചുഴലിക്കാറ്റ്; 23 മരണം

By mathew.13 10 2019

imran-azhar

 

ടോകിയോ: ജപ്പാനില്‍ ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റില്‍ 23 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പതിനേഴോളം പേരെ കാണാതായി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ അരികിലെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രയാസപ്പെടുകയാണ്.

 

ശനിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴ് മണിയോടെയാണ് ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷൂവില്‍ ഹാഗിബിസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഹാഗിബിസ് 60 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുഴകള്‍ കരകവിയുകയാണ്. ചില സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും പല പ്രദേശങ്ങളും പ്രളയ ഭീഷണിയിലാണ്.

 

27,000 സെനികരാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. വീടുകള്‍ക്കുള്ളിലും മേല്‍ക്കൂരകളിലും കുടുങ്ങി കിടക്കുന്നവരെ ഹെലികോപ്റ്ററിന്റെയും ബോട്ടുകളുടെയും സഹായത്തോടെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആയിരക്കണക്കിന് ആളുകളാണ് വിവിധ ഇടങ്ങളിലായി സര്‍ക്കാരിന്റെ അഭയകേന്ദ്രങ്ങളില്‍ കഴിയുന്നത്. പത്തു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സേനയെ വിനിയോഗിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചിട്ടുണ്ട്.

 

OTHER SECTIONS