യുഎഇ പ്രധാനമന്ത്രി എഴുപതിന്റെ നിറവില്‍

By mathew.16 07 2019

imran-azhar

യു എ ഇ പ്രധാനമന്ത്രി എഴുപതിന്റെ നിറവില്‍
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എഴുപതാം പിറാളിന്റെ നിറവില്‍. ഇരുന്നൂറിലധികം രാജ്യങ്ങളിലെ പൗരന്മാര്‍ ജീവിക്കുന്ന ആഗോള നഗരമായി ദുബായിയെ മാറ്റിയെടുത്ത നേതാവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് നന്ദി പ്രകടിപ്പിക്കുകയാണ് ദുബായിലെ സ്വദേശികളും പ്രവാസികളും. ശൈഖ് മുഹമ്മദിന്റെ ദീര്‍ഘവീക്ഷണവും പഴുതുകളില്ലാത്ത ആസൂത്രണവുമാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ നിര്‍ണായക ശക്തിയായി യു എ ഇയെ വളര്‍ത്തിയെടുത്തത്. അതിവേഗം വളരുമ്പോഴും സഹാനുഭൂതിയും സഹവര്‍ത്തിത്തവും മുറുകെപ്പിടിക്കാന്‍ ഈ രാജ്യത്തിന് സാധിക്കുന്നതിന് കാരണവും അദ്ദേഹമുള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യമാണ്.
1949 ജൂലായ് 15ന് ഷിന്ദഗയിലെ അല്‍ മക്തൂം കുടുംബത്തിലാണ് ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ നാല് ആണ്‍മക്കളില്‍ മൂന്നാമനായി അദ്ദേഹം ജനിച്ചത്. ശൈഖ് മക്തൂം, ശൈഖ് ഹംദാന്‍, ശൈഖ് അഹ്മദ് എന്നിവരായിരുന്നു സഹോദരങ്ങള്‍. അബുദാബി മുന്‍ ഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്‌യാന്റെ മകള്‍ ശൈഖ ലതീഫ ബിന്‍ത് ഹംദാന്‍ അല്‍ നഹ്‌യാനാണ് ശൈഖ് മുഹമ്മദിന്റെ മാതാവ്. അത്തെ ദുബായ് ഭരണാധികാരിയായിരുന്ന മുത്തച്ഛന്‍ ശൈഖ് സഈദില്‍ നിന്നാണ് ഭരണ നിര്‍വഹണത്തിന്റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പഠിച്ചത്.
വീട്ടില്‍ വച്ചുതന്നെയാണ് അറബി ഭാഷയും ഇസ്ലാമിക പാഠങ്ങളും ശൈഖ് മുഹമ്മദ് പഠിച്ചത്. പിന്നീട് 1955ല്‍ അല്‍ അഹ്മദിയ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. ദേറയിലെ ഒരു ചെറിയ വിദ്യാലയമായിരുന്നു ഇത്. 1966ല്‍ ബ്രിട്ടനിലേക്ക് പറന്നു. കേംബ്രിഡ്ജിലെ ബെല്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ ചേര്‍ന്ന് ഉപരി പഠനമാരംഭിച്ചു. പിന്നീട് റോയല്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്നു. ഒരു വിദേശ വിദ്യാര്‍ത്ഥി നേടുന്ന ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെയായിരുന്നു അദ്ദേഹം അവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കിയത്.
1968ല്‍ ദുബായില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ ശൈഖ് റാഷിദ്, ദുബായ് പൊലീസ് ആന്റ് പബ്ലിക് സെക്യൂരിറ്റി വിഭാഗം തലവനായി നിയമിച്ചു. ശൈഖ് മുഹമ്മദിന്റെ ആദ്യ ഔദ്യോഗിക പദവിയായിരുന്നു അത്. പിന്നീട് പ്രതിരോധ മന്ത്രിയായി. അന്ന് ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം. മരുഭൂമിയില്‍ കെട്ടിയുയര്‍ത്തിയ ടെന്റില്‍ വെച്ച് അബുദാബി ഭരണാധികാരി ശൈഖ് സായിദും ദുബായ് ഭരണാധികാരി ശൈഖ് റാഷിദും യുഎഇ രൂപീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ശൈഖ് മുഹമ്മദും ഒപ്പമുണ്ടായിരുന്നു.
1995 ജനുവരി മൂന്നിന് അന്നത്തെ ദുബായ് ഭരണാധികാരി ശൈഖ് മക്തൂം, ശൈഖ് മുഹമ്മദിനെ ദുബായ് കിരീടാവകാശിയായി നിയമിച്ചു. 2006ല്‍ ശൈഖ് മക്തൂമിന്റെ മരണത്തോടെ ദുബായ് ഭരണാധികാരിയായി. 1968ല്‍ ദുബായ് പൊലീസ് മേധാവിയായി തുടങ്ങിയ ഔദ്യോഗിക സേവനത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ കഴിഞ്ഞ വര്‍ഷം ഖിസ്സത്തീ (എന്റെ കഥ) എന്ന പേരില്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയിരുന്നു.

 

OTHER SECTIONS