രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണം, മോദിക്ക് അതിനുള്ള ധൈര്യമുണ്ട്; ഉദ്ധവ് താക്കറെ

By mathew.16 06 2019

imran-azhar


അയോധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദിക്ക് അതിനുള്ള ധൈര്യമുണ്ടെന്നും അദ്ദേഹത്തെ തടയാന്‍ ആര്‍ക്കുമാവില്ലെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. ശിവസേനയുടെ 18 എം.പിമാര്‍ക്കൊപ്പം അയോധ്യയില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു ഉദ്ധവ് ഈ ആവശ്യമുന്നയിച്ചത്. അവിടുത്തെ താത്കാലിക രാം ലല്ല ക്ഷേത്രത്തില്‍ അദ്ദേഹം പ്രാര്‍ഥന നടത്തി.

ഈ വര്‍ഷം മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം. എന്നാല്‍, സന്ദര്‍ശനത്തിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നാണ് ശിവസേന അവകാശപ്പെടുന്നത്. രാമക്ഷേത്രമെന്നത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ഉദ്ധവ് താക്കറെ പ്രതികരിച്ചു.

അയോധ്യ കേസ് വര്‍ഷങ്ങളായി കോടതിയിലാണ്. എന്നാല്‍, പ്രധാനമന്ത്രി മോദിക്ക് ധൈര്യമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അതിനെ തടയാന്‍ ആര്‍ക്കുമാവില്ല. ശിവസേന മാത്രമല്ല, ലോകം മുഴുവനുമുള്ള ഹിന്ദുക്കള്‍ അതിനൊപ്പം നില്‍ക്കുമെന്നും ജനങ്ങളുടെ വികാരം മാനിക്കേണ്ടതുണ്ടെന്നും അയോധ്യയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

OTHER SECTIONS