യു എന്‍ എ യില്‍ വന്‍ സാമ്പത്തിക ക്രമക്കേട്, മൂന്നു കോടിയുടെ തിരിമറി: തുക പിന്‍വലിച്ചത് ദേശീയ പ്രസിഡന്റിന്റെ ഡ്രൈവര്‍

By online desk.16 03 2019

imran-azhar

 

 

തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയതായാണ് പരാതി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടു.

 

നഴസുമാരുടെ ലെവി പിരിച്ചതടക്കമുള്ള തുകയില്‍ നിന്നാണ് തിരിമറി. സംഘടനയുടെ ദേശീയ പ്രസിഡനന്റായ ജാസ്മിന്‍ ഷാ യുടെ ഡ്രൈവറാണ് അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിച്ചിരിക്കുന്നത്. പല സമയങ്ങളിലായി വലിയ തുകകള്‍ പിന്‍വലിച്ചതായാണ് ആരോപണം. മറ്റ് പല കമ്പനികളുടെ പേരില്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ സംഘടനയുടെ മറ്റ് രണ്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും അതില്‍ നിന്ന് വലിയ തുകകള്‍ പിന്‍വലിക്കുകയും ചെയ്തു.
സംഘത്തിലെ ഒരു വിഭാഗമാണ് മറ്റ് അംഗങ്ങളോട് സംസാരിക്കാതെ പലതവണയായി അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിന്‍വലിച്ചതെന്ന് പരാതിയില്‍ പറയുന്നു. യു എന്‍ എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി മുകേഷാണ് ഡി ജി പിക്ക് പരാതി നല്‍കിയത്.


അതേസമയം, സംസ്ഥാന വൈസ്പ്രസിഡന്റിന്റെ ആരോപണം സംഘടനയുടെ ദേശീയപ്രസിഡന്റ് ജാസ്മിന്‍ ഷാ നിഷേധിച്ചു. 2013ല്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ആരോപണം ഉന്നയിച്ച ആള്‍. ആരോപണം ഉന്നയിക്കുന്ന വ്യക്തിയുടെ വിശ്വാസ്യത കൂടി പരിഗണിക്കണം. എല്ലാ അന്വേഷണത്തേയും യു എന്‍ എ സ്വാഗതം ചെയ്യുന്നതായും ജാസ്മിന്‍ ഷാ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍.

OTHER SECTIONS