യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഓഫിസ് അടച്ചുപൂട്ടും

By mathew.15 07 2019

imran-azhar


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഓഫിസ് അടച്ചുപൂട്ടാന്‍ തീരുമാനമായി. ഈ മുറി ഇനി ക്ലാസ് മുറിയായി ഉപയോഗിക്കുമെന്ന് കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ.കെ.സുമ അറിയിച്ചു. കഴിഞ്ഞ ദിവസം കോളേജില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.


യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറിയെന്ന് വിശേഷിപ്പിക്കുന്ന എസ്എഫ്‌ഐ യൂണിറ്റ് ഓഫിസ് മുറിയിലെ അലമാരയില്‍ നിന്ന് കഴിഞ്ഞ ദിവസം പോലീസ് ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെത്തിയിരുന്നു. ക്യാമ്പസിലെ ഓപ്പണ്‍ സ്റ്റേജിനു പിന്നിലുള്ള ഗ്രീന്‍ റൂമാണ് എസ്എഫ്‌ഐ യൂണിറ്റ് ഓഫിസായി ഉപയോഗിക്കുന്നത്. ഇതു തടയണമെന്നാവശ്യപ്പെട്ട് 5 വര്‍ഷം മുന്‍പ് യുവജന കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിരുന്നു.

തങ്ങളെ എതിര്‍ക്കുന്നവരെ ഈ മുറിയിലിട്ട് മര്‍ദിക്കുന്ന പതിവുണ്ടായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രധാനമുറിക്കൊപ്പമുള്ള ചെറിയ മുറിയിലാണ് സെക്രട്ടറിയുടെ ഓഫിസ്. ഇവിടെ നിന്നാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. രാത്രിയിലും ഇവിടെ ആളുകള്‍ തങ്ങാറുണ്ടെന്ന് തെളിയിക്കുന്നതാണ് പോലീസ് കണ്ടെടുത്ത മണ്ണെണ്ണ സ്റ്റൗവും മറ്റു സാധനങ്ങളും.

 

OTHER SECTIONS