ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി എയിംസിലെത്തി രേഖപ്പെടുത്തി പ്രത്യേക കോടതി ജഡ്ജി

By mathew.11 09 2019

imran-azhar

 

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക കോടതി ജഡ്ജി. ആശുപത്രിയില്‍ നേരിട്ടെത്തിയാണ് ജഡ്ജി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. അപകടത്തില്‍ പരിക്കേറ്റ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയാണ് പ്രത്യേക കോടതി ജഡ്ജി ധര്‍മേഷ് ശര്‍മ രേഖപ്പെടുത്തിയത്.

 

കേസിലെ പ്രതിയായ കുല്‍ദീപ് സിങ് സെംഗാറിനേയും പ്രത്യേക വിചാരണ നടത്തുന്നതിനായി ആശുപത്രിയിലെത്തിച്ചിരുന്നു. എയിംസില്‍ വെച്ച് പ്രത്യക വാദം കേള്‍ക്കണമെന്ന വിചാരണ കോടതി ജഡ്ജിയുടെ ആവശ്യത്തിന് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. രഹസ്യ വിചാരണയാണ് എയിംസില്‍ സജ്ജീകരിച്ച താത്കാലിക കോടതിയില്‍ നടക്കുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വിചാരണ എയിംസിലേക്ക് മാറ്റിയത്.

 

ജൂലൈയില്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കവെ പെണ്‍കുട്ടി അപകടത്തില്‍പ്പെടുകയായിരുന്നു. ബലാത്സംഗ കേസിലെ സാക്ഷികളും പെണ്‍കുട്ടിയുടെ ബന്ധുക്കളുമായ രണ്ട് പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്. കേസുകള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

 

 

OTHER SECTIONS