ദേവീദേവന്മാരുടെ ചിത്രത്തിൽ കോഴിക്കറി പൊതിഞ്ഞ് നൽകി ; ഹോട്ടൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

By Ameena Shirin s.05 07 2022

imran-azhar

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള കടലാസിൽ കോഴിക്കറി പൊതിഞ്ഞ ഹോട്ടൽ നടത്തിപ്പുക്കാരനെ അറസ്റ്റ് ചെയ്തു . മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പൊലീസ് നടപടി. ഉത്തർപ്രദേശ് സംഭാലിലെ സദർ കോട്‌വാലി പ്രദേശത്തെ ഒരു നോൺ വെജ് ഹോട്ടലിലാണ് സംഭവം.

 

ദേവീദേവന്മാരുടെ ചിത്രങ്ങൾ അച്ചടിച്ച പത്രത്തിൽ നോൺ വെജ് ഭക്ഷണം നൽകുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് ഹോട്ടൽ നടത്തിപ്പുകാരനായ താലിബ് ഹുസൈൻ പിടിയിലായത്. ഇയാൾ ദൈവങ്ങളുടെ ചിത്രങ്ങൾ അച്ചടിച്ച പത്രത്തിൽ കോഴിക്കറി പാക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് നൽകുന്നതായി ആരോപണം ഉയർന്നിരുന്നു.

 

ഹിമാൻഷു കശ്യപ് എന്ന യുവാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഡിജിപി, സംഭാൽ ജില്ല എസ്പി എന്നിവർക്ക് പരാതി നൽകി. ഫെയ്‌സ്ബുക്കിലൂടെ പരാതി ലഭിച്ചതിനെ തുടർന്ന്, മതവികാരം വ്രണപ്പെടുത്തിയതിന് ഹോട്ടൽ നടത്തിപ്പുകാരൻ താലിബ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

സാധനങ്ങൾ പൊതിഞ്ഞു വിൽക്കുന്ന പേപ്പർ ഹോട്ടലിൽ നിന്നും കണ്ടെടുത്തു. അതേസമയം അറസ്റ്റിനിടെ താലിബ് ഹുസൈൻ ഉദ്യോഗസ്ഥരെ കത്തി കൊണ്ട് ആക്രമിച്ചതായി പൊലീസ് പറഞ്ഞു . ഐപിസി സെക്ഷൻ 153-എ, 295-എ, കൂടാതെ 307 കൊലപാതകശ്രമം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

OTHER SECTIONS