എന്‍ആര്‍സി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു; വിമര്‍ശനവുമായി യുഎസ് കമ്മിഷന്‍

By online desk.16 11 2019

imran-azhar

 


വാഷിങ്ടന്‍: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ വിമര്‍ശനവുമായി യുഎസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലിജ്യസ് ഫ്രീഡം(യുഎസ്‌സിഐആര്‍എഫ്). ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നും മുസ്ലിം വിഭാഗക്കാരെ ഒരു രാജ്യത്തെയും പൗരന്മാരല്ലാതാക്കുകയാണെന്നും കമ്മിഷന്‍ ആരോപിച്ചു. ആഭ്യന്തര, രാജ്യാന്തര സംഘടനകള്‍ എന്‍ആര്‍സിയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അസമിലെ ബംഗാളി മുസ്ലിം വിഭാഗക്കാരുടെ പൗരത്വം നഷ്ടമാക്കാന്‍ ലക്ഷ്യമിടുന്ന രീതിയാണിത്. എന്‍ആര്‍സി നടപ്പാക്കുന്നതിലൂടെ വലിയ വിഭാഗം മുസ്‌ലിം മതക്കാര്‍ക്ക് പൗരത്വം നഷ്ടമാകുമെന്നാണ് ഇവരുടെ ആശങ്കയെന്നും കമ്മിഷന്‍ വ്യക്തമാക്കി.


ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരുള്ളവര്‍ മാത്രമാണ് യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാരെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. 2013ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എന്‍ആര്‍സി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. ഇതേ തുടര്‍ന്ന് അസമിലെ 33 ദശലക്ഷം ജനങ്ങള്‍ക്ക് തങ്ങള്‍ യഥാര്‍ഥ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ടി വന്നു. കഴിഞ്ഞ ഓഗസ്റ്റ് 31നാണ് എന്‍ആര്‍സി അന്തിമ പട്ടിക പുറത്തു വിട്ടത്. ഇതനുസരിച്ച് 1.9 ദശലക്ഷം പേര്‍ക്ക് പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല.

ഇന്ത്യയിലെ മതസ്വാതന്ത്ര്യം താഴേക്കാണ് പോകുന്നതെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് എന്‍ആര്‍സിയെന്നും വെള്ളിയാഴ്ച പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബിജെപി സര്‍ക്കാരിന്റെ നടപടിയിലൂടെ മുസ്‌ലിം വിരുദ്ധ ചായ്‌വാണ് പ്രകടമാകുന്നത്. ഇന്ത്യന്‍ പൗരത്വത്തില്‍ മതപരമായ പരിശോധനയാണ് ബിജെപി ലക്ഷ്യമിടുന്നത്. അത് ഹിന്ദുക്കള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ചില ന്യൂനപക്ഷങ്ങള്‍ക്കും അനുകൂലമായാണെന്നും പക്ഷേ മുസ്‌ലിം വിഭാഗക്കാരെ പുറന്തള്ളുകയാണെന്നും യുഎസ്‌സിഐആര്‍എഫ് വ്യക്തമാക്കുന്നു. പോളിസി അനലിസ്റ്റ് ഹാരിസണ്‍ അക്കിന്‍സാണ് യുഎസ്‌സിഐആര്‍എഫിന് വേണ്ടി റിപ്പോര്‍ട്ട് തയാറാക്കിയത്.

 

OTHER SECTIONS