ഫെയ്‌സ്ആപ്പ് സുരക്ഷാഭീഷണി ഉയർത്തുന്നു; അന്വേഷണം വേണമെന്ന് യു.എസ്.സെനറ്റർ

By Chithra.19 07 2019

imran-azhar

 

വാഷിങ്ടൺ : സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ഫെയ്‌സ്ആപ്പ് എന്ന ആപ്പിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.എസ് സെനറ്റർ. റഷ്യൻ നിർമ്മിതമായ ആപ്പിൽ നിന്ന് അമേരിക്കൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നു എന്ന് ആരോപിച്ചാണ് സെനറ്റിലെ ന്യൂനപക്ഷ നേതാവായ ചക്ക് ഷുമേർ ബുധനാഴ്ച്ച അന്വേഷണം ആവശ്യപ്പെട്ടത്.

 

ഫെയ്‌സ്ആപ്പ് രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ആപ്പ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നടത്തുന്നതെന്നും ഷുമേർ അഭിപ്രായപ്പെട്ടു. ദേശസുരക്ഷയ്ക്ക് ഭീഷണിയായിട്ടുള്ള ആപ്പിനെതിരെ അന്വേഷണം നടത്തണമെന്ന് ഉപഭോക്‌തൃ സംരക്ഷണ സമിതി അടക്കമുള്ള ഏജെൻസികളോടാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

 

2020ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാകുന്നവർ ഫെയ്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ദേശീയ സമിതി നിർദേശിച്ചിട്ടുണ്ട്. 2016ലെ തെരഞ്ഞെടുപ്പിൽ റഷ്യൻ ഹാക്കർമാരുടെ ആക്രമണം ഡെമോക്രറ്റിക് പാർട്ടി നേരിടേണ്ടി വന്നിട്ടുണ്ട്.

 

എന്നാൽ 48 മണിക്കൂറിന് ശേഷം തങ്ങളുടെ സെർവറുകളിൽ നിന്ന് ഉപയോക്താവിന്റെ പടം നീക്കാറുണ്ടെന്നും അവരുടെ സ്വകാര്യ വിവരങ്ങൾ സൂക്ഷിക്കാറില്ലെന്നും ഫെയ്‌സ്ആപ്പ് അധികൃതർ വ്യക്തമാക്കി. റഷ്യൻ പബ്ലിഷർ ആയ വയർലെസ് ലാബ് ആണ് ഫെയ്‌സ്ആപ്പ് പുറത്തിറക്കിയത്.

OTHER SECTIONS