പെൻസിൽവാനിയയിലുള്ള കത്തോലിക്കാ പുരോഹിതർ പീഡിപ്പിച്ചത് 1000 ത്തോളം കുഞ്ഞുങ്ങളെ :ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

By BINDU PP.17 Aug, 2018

imran-azhar 

 

ന്യൂയോർക്ക്: 70 വർഷത്തിനിടെ യു.എസിലെ പെൻസിൽവാനിയയിലുള്ള കത്തോലിക്കാ പുരോഹിതർ പീഡിപ്പിച്ചത് 1000-ത്തോളം കുഞ്ഞുങ്ങളെയെന്ന് റിപ്പോർട്ട്. ബാലലൈംഗിക പീഡനങ്ങളന്വേഷിച്ച ഗ്രാൻഡ് ജൂറി ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. രണ്ടുവർഷമായി ഗ്രാൻഡ് ജൂറി നടത്തിയ അന്വേഷണത്തിനുശേഷം സമർപ്പിക്കപ്പെട്ട 884 പേജുള്ള റിപ്പോർട്ടിൽ 300 ഓളം പുരോഹിതരാണ് പ്രതിസ്ഥാനത്ത്. ഈ കേസുകൾ ബിഷപ്പും മറ്റ് മതനേതാക്കളും മൂടിവെച്ചുവെന്നും റിപ്പോർട്ടിൽ കണ്ടെത്തി.യു.എസിലെ എട്ട് കത്തോലിക്കാ അതിരൂപതകളിൽ ആറെണ്ണത്തിൽ നടത്തിയ അന്വേഷണറിപ്പോർട്ടാണ് പുറത്തുവിട്ടത്. ഇനിയുമേറെപ്പേർ പീഡനത്തിനിരയായിട്ടുണ്ടെന്നും എന്നാൽ, അതിന്റെ തെളിവുകൾ നഷ്ടമായെന്നും റിപ്പോർട്ടിൽ പറയുന്നു.15 വർഷമായി യു.എസിലെ കത്തോലിക്കാപള്ളികൾക്കെതിരേ ലൈംഗികാരോപണം നിലനിൽക്കുന്നുണ്ട്. 2002-ൽ യു.എസ്. പത്രം ബോസ്റ്റൺ ഗ്ലോബിലാണ് കത്തോലിക്കാ പുരോഹിതരുടെ ബാലലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ആദ്യമായി പുറത്തുവന്നത്.

 

1000-ത്തോളം ഇരകളെയാണ് തിരിച്ചറിഞ്ഞത്. എന്നാൽ, യഥാർഥ ഇരകളുടെ എണ്ണം ഇതിലുമേറെയാണ്. പല കേസുകളുമായി ബന്ധപ്പെട്ട തെളിവുകൾ നഷ്ടപ്പെടുകയും ചില കേസുകളിൽ ഇരകൾ തുറന്നുപറയാൻ മടിക്കുന്നുണ്ടെന്നും ജൂറി നിരീക്ഷിച്ചു. ഇരകളിൽ ചിലർ മാനസികാഘാതം നേരിടുകയും മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുകയും ആത്മഹത്യചെയ്യുകയും ചെയ്തിട്ടുണ്ട്. പീഡനങ്ങൾ ആവർത്തിക്കാത്ത തരത്തിൽ നിയമങ്ങൾ പൊളിച്ചെഴുതുക മാത്രമാണ് ഇതിന് പരിഹാരമെന്നും ജൂറി പറഞ്ഞു.5700-നും 10,000-ത്തിനുമിടയ്ക്ക് കത്തോലിക്കാപുരോഹിതർക്കെതിരേയാണ് യു.എസിൽ ലൈംഗികാരോപണം ഉയർന്നിട്ടുള്ളത്. ഇതിൽ ശിക്ഷിക്കപ്പെട്ടത് ഏതാനും പേർ മാത്രമാണ്.

 

 

OTHER SECTIONS