ഉയിഗുര്‍; വേട്ടയാടലിന്റെ വികൃത മുഖം

By online desk.11 11 2019

imran-azhar

 

 

രാജ്യത്തെ ഭൂരിപക്ഷത്തിന്റേതില്‍ നിന്ന് മാറിയുള്ള മതവും ആചാരങ്ങളും രാഷ്ട്രീയവും ജീവിതരീതിയും പിന്തുടരുന്ന ഒരു വിഭാഗം. അതിന്റെ പേരില്‍ ഭരണകൂടത്തിന്റെ നിരന്തര വേട്ടയാടലുകള്‍. ചൈനയിലെ ഉയിഗുര്‍ മുസ്ലീം വംശജരാണ് ഈ വേട്ടയാടലുകളുടെ ഇര. മതപരമായ ആചാരവൈവിധ്യങ്ങള്‍ പുലര്‍ത്തുന്നതിന്റെ പേരില്‍ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വര്‍ഷങ്ങളായി നിഷേധാത്മക നിലപാട് വച്ചുപുലര്‍ത്തുന്ന വംശജരാണ് ഉയിഗുര്‍ മുസ്ലീങ്ങള്‍. ഉയിഗുറുകളെ ലക്ഷ്യം വച്ചുകൊണ്ടുള്ള സിസിടിവി നിരീക്ഷണങ്ങള്‍, അവരുടെ വീടുകളില്‍ നിര്‍ബന്ധിതമായി സര്‍ക്കാര്‍ ചാരന്മാരെ പാര്‍പ്പിക്കല്‍, കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് തോന്നുന്ന ഉയിഗുറുകളെ റീഎജുക്കേഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ച് ചൈനീസ് വിദ്യാഭ്യാസം നല്കല്‍ തുടങ്ങി പല അവകാശ ലംഘനങ്ങളും ഇതിന്റെ ഭാഗമായി നടന്നുപോരുന്നുണ്ട്. ഇത്തരത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ച്‌കൊണ്ടിരിക്കുന്ന പുരുഷ•ാരുടെ വീടുകളിലേക്ക് അയക്കപ്പെടുന്ന സര്‍ക്കാര്‍ ചാരന്‍ കാഡറുകള്‍ വീട്ടിലെ സ്ത്രീകളുടെ കൂടെ ഒരു കിടക്കയില്‍ തന്നെ കിടക്കുകയും ചെയ്യേണ്ടി വരുന്ന നിലയിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. 2017 -ന്റെ അവസാനം മുതല്‍, ഉയിഗുര്‍ കുടുംബങ്ങളിലേക്ക് ഉദ്യോഗസ്ഥരെത്തുകയും അവരെ ചൈനീസ് സംസ്‌കാരം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'ജോഡിയാക്കി കുടുംബമാക്കുക' എന്നത് ചൈനീസ് സര്‍ക്കാര്‍ ഉയിഗുറുകള്‍ക്ക് നേരെ നടപ്പിലാക്കുന്ന അനേകം നയങ്ങളിലൊന്നാണ്. 2017 ഏപ്രില്‍ മുതല്‍ തന്നെ ഇങ്ങനെ വ്യത്യസ്തമായ മതാചാരങ്ങളെ ഉള്‍ക്കൊള്ളുന്നവരെയും മറ്റ് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരെയും ഉള്‍ക്കൊള്ളുന്ന 1.5 ദശലക്ഷം ഉയിഗുര്‍ വംശജരെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളെയും പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ പണിയുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. ഇത്തരത്തില്‍ പുരുഷ•ാര്‍ തടങ്കലിലായിരിക്കുന്ന പല വീടുകളിലും 'റിലേറ്റീവ്' (ബന്ധു) എന്ന പേര് നല്കിയിരിക്കുന്ന ഒരു സര്‍ക്കാര്‍ പ്രതിനിധി എത്തുകയും ഈ ബന്ധു വീട്ടിലെ കാര്യങ്ങളില്‍ വീട്ടിലെ അംഗത്തെപ്പോലെ ഇടപെടുകയും ചെയ്യുന്നു. ഈ രണ്ടു മാസത്തില്‍ ഓരോ വീട്ടിലും ആറ് ദിവസമെങ്കിലും ഇവര്‍ താമസിക്കുന്നു. പേര് വെളിപ്പെടുത്താനാകാത്ത ഒരു കേഡറുടെ വെളിപ്പെടുത്തലാണിത്. നിര്‍ബന്ധിത ബന്ധുത്വത്തിലൂടെ സര്‍ക്കാര്‍ ഉയിഗുര്‍ വംശജരുടെ ജീവിതങ്ങളിലേക്ക് ഇടിച്ചുകയറുകയാണെന്നതാണ് വാസ്തവം. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ കണക്കുകളനുസരിച്ച് ഏകദേശം പത്തുലക്ഷത്തോളം ഉയിഗൂര്‍ മുസ്ലീങ്ങള്‍ 'ഭീകരവാദം' എന്ന ആരോപണം നേരിട്ട് കരുതല്‍ തടങ്കലുകളില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കനുസരിച്ച് രണ്ട് മാസത്തിലൊരിക്കല്‍ ഒരു ലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍ ഉയിഗുര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഒരു ദശലക്ഷത്തിലധികം കേഡര്‍മാരെ ആഴ്ചയില്‍ വീടുകളില്‍ ചെലവഴിക്കാന്‍ വേണ്ടി അണിനിരത്തിയിട്ടുണ്ട്, പ്രാഥമികമായും അത് നടപ്പിലാക്കിയിരിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ഈ ഹോം സ്റ്റേ പരിപാടിയുടെ ഭാഗമായി ഇന്ന് ഈ കേഡര്‍മാര്‍ രണ്ട് മാസത്തില്‍ അഞ്ച് ദിവസമെങ്കിലും ഉയിഗുര്‍ വംശജരുടെ വീട്ടില്‍ താമസിക്കും. എന്നാല്‍ ഇതിനെ വീട്ടുകാര്‍ എതിര്‍ക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ചെലവഴിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ ഫോട്ടോ സഹിതം തയ്യാറാക്കപ്പെടുന്നു. പലതും ബന്ധപ്പെട്ട ഏജന്‍സികളുടെ ഫേസ്ബുക്ക് പേജുകളിലും പങ്കുവെക്കപ്പെടുന്നു. വീട്ടിലെ അംഗങ്ങളെപ്പോലെ അടുത്തിടപഴകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പങ്കുവെക്കപ്പെടുന്നത്. ഒരുമിച്ചിരിക്കുന്നതും ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും കുട്ടികളെ പഠിപ്പിക്കുന്നതുമടക്കമുള്ള ചിത്രങ്ങളാണ് പങ്കുവെക്കുന്നത്. സര്‍ക്കാരിന്റെ ഈ നിര്‍ബന്ധിത ബന്ധുത്വത്തെ മനുഷ്യാവകാശ ലംഘനമെന്നാണ് പല രാഷ്ട്രങ്ങളും വിശേഷിപ്പിക്കുന്നത്. ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്കെതിരെ യുഎസ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ നടപടിയുമായി രംഗത്തെത്തിയിരുന്നു. ഉയിഗുര്‍ മുസ്ലീങ്ങള്‍ വസിക്കുന്ന സിന്‍ജിഗല്‍ നിരവധി നിയന്ത്രണങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ ഇതു വരെ കൊണ്ടുവന്നത്. ഇവരെ മതവിശ്വാസത്തില്‍ നിന്നകറ്റാന്‍ വേണ്ടി പാഠശാലകള്‍ എന്ന പേരില്‍ ജയിലറകളില്‍ അടച്ച നടപടി യു.എന്നിന്റെ വിമര്‍ശനത്തിന് പോലും ഇടയാക്കിയിരുന്നു. നാസി തടവറകള്‍ക്ക് തുല്യമാണ് ഉയിഗുര്‍ മുസ്ലിങ്ങള്‍ക്കായുള്ള പാഠശാല എന്നാണ് നേരത്തെ യു.എസ് പ്രതികരിച്ചത്.

 

OTHER SECTIONS