By online desk .27 01 2021
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷത്തെ ശിക്ഷ പൂർത്തിയാക്കി എ ഐ എ ഡി എം കെ മുൻ ജനറൽ സെക്രട്ടറിയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയുമായിരുന്ന വി കെ ശശികല ജയിൽ മോചിതയായി . എന്നാൽ കോവിഡ് ബാധയെ തുടർന്ന് വിക്ടോറിയ ആശുപത്രിയിൽ ചികത്സയിലായതിനാൽ ഉടൻ ചെന്നൈയിലേക്കെത്തില്ല.
മുൻ മുഖ്യമന്ത്രി അണ്ണാദുരെയുടെ ജന്മദിനത്തിന് ചെന്നൈയിൽ എത്താനാണ് ശ്രമം.അനധികൃത സ്വത്ത് സാമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ശശികല ജയിലിലാവുന്നത്. 1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. 2017ലാണ് ശശികലയെയും കൂട്ടുപ്രതിയും അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും സഹോദരീപുത്രനായ വി എൻ സുധാകരനെയും കോടതി ശിക്ഷിച്ചത്.പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ രാവിലെ ആശുപത്രിയില്‍ എത്തി മോചന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
ജയിൽ ശിക്ഷ പൂർത്തിയായതിനാൽ ശശികലയെ ചിലപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ശശികലയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.2014 സെപ്റ്റംബർ 27ന് നാലു പ്രതികൾക്കും നാലു വർഷം തടവ് വിചാരണക്കോടതി വിധിച്ചു. പിഴയായി ജയലളിത 100 കോടി രൂപയും മറ്റുള്ളവർ 10 കോടി വീതവും അടയ്ക്കണമെന്നും കോടതി വിധിച്ചു. എന്നാൽ 2015 ൽ പ്രതികളുടെ അപ്പീൽ അനുവദിച്ച കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് നാലു പേരെയും കുറ്റവിമുക്തരാക്കി.