2022 നെ കുറിച്ചുള്ള വാന്‍ഗയുടെ പ്രവചനങ്ങള്‍ സത്യമോ, ചര്‍ച്ചചെയ്ത് സോഷ്യല്‍ മീഡിയ

By Avani Chandra.23 12 2021

imran-azhar

 

രണ്ടു ദശാബ്ദക്കാലം മുന്‍പു ലോകത്തോടു വിടപറഞ്ഞ ഒരു പ്രവാചകയാണ് വാന്‍ഗ. നോസ്ട്രഡാമസിനു ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണു ബള്‍ഗേറിയ സ്വദേശിയായ ബാബ വാന്‍ഗ അറിയപ്പെടുന്നത്. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവര്‍ 1996ല്‍ ആണ് അന്തരിച്ചത്. ഇന്നിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന താരമായി മാറിയിരിക്കുന്നത് ബാബ വാന്‍ഗയാണ്. കാരണം മറ്റൊന്നുമല്ല, 2022ല്‍ സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് വാന്‍ഗ നേരത്തെ പ്രവചിച്ചിരിക്കുന്നു. വരാനിരിക്കുന്ന വര്‍ഷം ലോകം വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്നാണ് ബാബ പ്രവചിച്ചിട്ടുള്ളത്. 2022 പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതിനാല്‍ തന്നെ അടുത്ത വര്‍ഷത്തേക്കുള്ള അവരുടെ പ്രവചനങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവചനങ്ങള്‍ക്കൊന്നും രേഖാമൂലമുള്ള തെളിവുകള്‍ ലഭ്യമല്ല.

 

എംഎസ്എന്നിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022 ല്‍ ഇന്ത്യയിലെ കാര്‍ഷിക ഭൂമിയില്‍ വന്‍ വെട്ടുക്കിളി ആക്രമണം ഉണ്ടാകുമെന്ന് വാന്‍ഗ പ്രവചിക്കുന്നുണ്ട്. കടുത്ത ക്ഷാമം ഉണ്ടാകുമെന്നും അവര്‍ പ്രവചിക്കുന്നു. എന്നാല്‍, ഇന്ത്യ എല്ലാ വര്‍ഷവും വേണ്ടതിനേക്കാള്‍ കൂടുതല്‍ ഗോതമ്പും അരിയും അമിതമായി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ക്ഷാമം സംഭവിക്കുമോ എന്ന് മറുചോദ്യം ചോദിക്കുന്നവരും ഉണ്ട്.

 

2022-ല്‍ കുടിവെള്ള പ്രതിസന്ധി പല നഗരങ്ങളെയും ബാധിക്കുമെന്നും അവര്‍ പ്രവചിച്ചു. സൈബീരിയയില്‍ മാരകമായ ഒരു വൈറസ് കണ്ടെത്തുമെന്ന് അവര്‍ പ്രവചിച്ചിട്ടുണ്ടെന്ന് എംഎസ്എന്‍ റിപ്പോര്‍ട്ടിലുണ്ട്. ഭൂമിയുടെ പല ഭാഗങ്ങളിലും ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാകുമെന്ന പ്രവചനവും വാന്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാം എല്ലാ വര്‍ഷവും സംഭവിക്കുന്നതാണ്. അതേസമയം, വാന്‍ഗയുടെ പ്രവചനങ്ങള്‍ കൃത്യമായ ലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കുന്നവരെയും കാണാം. ഇതിനെല്ലാം പിന്നില്‍ കൃത്യമായ സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഒരു വിഭാഗം ജനങ്ങള്‍ ആരോപിക്കുന്നത്.

 

ഒബാമയുടെ തിരഞ്ഞെടുപ്പും സെപ്റ്റംബര്‍ 11ന് യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും വാന്‍ഗ പ്രവചിച്ചിരുന്നു എന്ന വാദത്തില്‍ സത്യമില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. അവരുടെ പേരില്‍ പ്രചരിക്കുന്ന മിക്ക കാര്യങ്ങളും വ്യാജമാണ്. എങ്കിലും വാന്‍ഗയുടെ പ്രവചനങ്ങളെല്ലാം ഓരോ വര്‍ഷവും സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കാറുണ്ട്. 1979 ലാണ് വാന്‍ഗ ഈ പ്രവചനങ്ങളെല്ലാം നടത്തിയത്. റഷ്യ ലോകം ഭരിക്കുമെന്നും യൂറോപ്പ് തരിശുഭൂമിയാകുമെന്നും വാന്‍ഗ പ്രവചിച്ചിരുന്നു. 2021 ല്‍ കാന്‍സറിനുള്ള മരുന്ന് കണ്ടുപിടിക്കുമെന്നതാണ് വാന്‍ഗയുടെ പ്രവചനങ്ങളിലൊന്ന്.

 

അതേസമയം, 2028 ആവുന്നതോടെ ലോകത്താര്‍ക്കും ഭക്ഷ്യ ക്ഷാമം നേരിടേണ്ടി വരില്ലെന്നും വാന്‍ഗ പ്രവചിച്ചിട്ടുണ്ട്. 2341 എത്തുന്നതോടെ ലോകം ആവാസ യോഗ്യമല്ലാതാകുമെന്നും 5071 വര്‍ഷത്തോടെ ലോകം അവസാനിക്കുമെന്നും ബാബ വാന്‍ഗ പ്രവചിച്ചിട്ടുണ്ട്. അന്‍പത്തിയൊന്നാം നൂറ്റാണ്ടു വരെയുള്ള കാര്യങ്ങള്‍ വാന്‍ഗ പ്രവചിച്ചതായാണു അവരെ പിന്തുടരുന്നവര്‍ പറയുന്നത്. അന്‍പത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകം അവസാനിക്കുന്നതു കൊണ്ടാണ് പ്രവചനം അവിടെ നിര്‍ത്തിയതെന്നാണ് വാന്‍ഗയുടെ അനുയായികളുടെ വാക്കുകള്‍. ബ്രെക്സിറ്റും സിറിയയിലേക്കുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നുകയറ്റവുമെല്ലാം വാന്‍ഗ പ്രവചിച്ചിരുന്നുവെന്നാണ് കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ പറയുന്നത്.

 

അമേരിക്കയിലെ സാധാരണക്കാരുടെ ചോര വീഴ്ത്തി ഇരുമ്പുചിറകുള്ള പക്ഷികള്‍ പറന്നടുക്കുമെന്ന പ്രവചനത്തെയാണ് വാന്‍ഗയുടെ അനുയായികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമായി വിശേഷിപ്പിച്ചത്. അങ്ങനെ ഭൂമിയിലെ നിരവധി വിഷയങ്ങളെ കുറിച്ചാണ് വാന്‍ഗ പ്രവചനം നടത്തിയിരിക്കുന്നത്. ഇതെല്ലാം സമൂഹ മാധ്യമങ്ങള്‍ ഒന്നടങ്കം ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. ശാസ്ത്രം, രാഷ്ട്രീയം, പ്രതിരോധം മുതല്‍ ആരോഗ്യ കാര്യങ്ങള്‍ വരെ വാന്‍ഗ വര്‍ഷങ്ങള്‍ക്കു മുന്‍പേ പ്രവചിച്ചിട്ടുണ്ട്.

 

 

OTHER SECTIONS