ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ഉരുട്ടിക്കൊലയെന്ന് സൂചന

By Amritha AU.17 Apr, 2018

imran-azhar

 

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചതായി സംശയം. ശ്രീജിത്തിന്റെ രണ്ട് തുടകളിലും പേശികളിലും ഒരേപോലുള്ള ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയെന്നാണ് സൂചന. ലാത്തി പോലെ ഉരുണ്ട വസ്തു ഉപയോഗിച്ചെന്ന് സംശയമുണ്ട്.

അഞ്ചു പേജുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളിലായാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത അന്നു മുതല്‍ ഒന്‍പതാം തീയതി വരെയുള്ള മൂന്നു ദിവസങ്ങളിലെ മര്‍ദ്ദനത്തിന്റെ ലക്ഷണങ്ങളാണ് കണ്ടെത്താനായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിനുശേഷം ലഭിച്ച ചിത്രവും അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവാകും.


പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മര്‍ദ്ദനം എങ്ങനെയെന്ന് കണ്ടെത്തുന്നതിനാണിത്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം വിദഗ്‌ദോപദേശം തേടി. മര്‍ദ്ദനം നടന്നതിനെ കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മരണ കാരണമായ മര്‍ദ്ദനം ആര് നടത്തി എന്നതില്‍ വ്യക്തതയാണ് അന്വേഷണ സംഘം തേടുന്നത്.

മൊഴികളില്‍ വൈരുദ്ധ്യമുള്ള പശ്ചാത്തലത്തില്‍ പൊലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

OTHER SECTIONS