വട്ടിയൂര്‍ക്കാവില്‍ ആരൊക്കെ ?

By mathew.16 07 2019

imran-azhar

തിരുവനന്തപുരം: കേരളത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒക്‌ടോബറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ മുന്നണികളില്‍ അനൗദ്യോഗിക സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, പാലാ, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്നത് വട്ടിയൂര്‍ക്കാവിലായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇവിടെ വിജയിക്കുകയെന്നത് മൂന്ന് മുണികളുടെയും അഭിമാനപ്രശ്‌നമാണ്. വട്ടിയൂര്‍ക്കാവ് എം.എല്‍.എ. കെ.മുരളീധരന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ത്തന്നെ മുരളീധരനും കോണ്‍ഗ്രസിനും ഈ സീറ്റ് നിലനിര്‍ത്തണമെന്ന വാശി കൂടുതലാണ്. അതിനാല്‍ വിജയം ഉറപ്പാക്കാനാകുന്ന ഒരാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കോണ്‍ഗ്രസും യു.ഡി.എഫും.
ഇതിനിടെ ചെറുതും വലുതുമായ നിരവധി നേതാക്കള്‍ സ്ഥാനാര്‍ത്ഥി മോഹവുമായി രംഗത്തുണ്ട്. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.മോഹന്‍കുമാര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ശാസ്തമംഗലം മോഹന്‍, പാലോട് രവി, എന്‍.പീതാംബരക്കുറുപ്പ് എന്നിവരെല്ലാം സീറ്റ് പ്രതീക്ഷിക്കുന്നുണ്ട്. കെ. മരളീധരന്റെ സഹോദരി പദ്മജ വേണുഗോപാല്‍, രാഹുലിന്റെ പ്രസംഗങ്ങളുടെ തര്‍ജ്ജമയിലൂടെ അടുത്തിടെ ശ്രദ്ധേയയായ ജ്യോതി വിജയകുമാര്‍ എന്നിവരുടെ പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് ആയതിനാല്‍ ഇനിയും പല പ്രമുഖരും മത്സരസന്നദ്ധരായി എത്തുന്നതിനും സാദ്ധ്യതകളേറെയാണ്.
കഴിഞ്ഞ നിയമസഭാ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനായിരിക്കും ബി.ജെ.പി മുന്‍ഗണന നല്‍കുന്നത്. കുമ്മനം മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കെ. സുരേന്ദ്രന്‍, പി.എസ്.ശ്രീധരന്‍പിള്ള എന്നിവരില്‍ ആരെങ്കിലും മത്സരിച്ചേക്കും. ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷും സീറ്റിനായി കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇടതുമുന്നണിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും എം. വിജയകുമാര്‍, വി.ശിവന്‍കുട്ടി എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞ് കേള്‍ക്കുന്നത്. എന്തായാലും മൂന്ന് ശക്തരായ സ്ഥാനാര്‍ത്ഥികളാകും മത്സര രംഗത്തുണ്ടാകുകയെന്നതുറപ്പാണ്. നിലവിലെ കണക്കുകള്‍ പ്രകാരം യു.ഡി.എഫിന് മുന്‍ തൂക്കവും വിജയസാധ്യതയുമുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.മുരളീധരന്‍ കുമ്മനം രാജശേഖരനെ തോല്‍പ്പിച്ചത്. സി.പി.എമ്മിലെ ടി. എന്‍.സീമയ്ക്ക് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. മുരളീധരന് 52322-ഉം കുമ്മനത്തിന് 43700-ഉം സീമയ്ക്ക് 40441-ഉം വോട്ടാണ് ലഭിച്ചത്.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയം നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച 7622 വോട്ടുകളുടെ ഭൂരിപക്ഷം 2386 ആയി കുത്തനെ കുറഞ്ഞു. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ടെണ്ണം യു.ഡി. എഫിനും ബി.ജെ.പിയ്ക്കും വര്‍ദ്ധിച്ചു. ഇടതുമുന്നണിക്ക് വോട്ട് വളരെയേറെ കുറയുകയും ചെയ്തു. ശശി തരൂരിന് 53545, കുമ്മനം രാജശേഖരന് 50709, സി.ദിവാകരന് 29414 എന്നിങ്ങനെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടിയത്. സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസും നിയമസഭയിലെ അംഗബലം ഇരട്ടിയാക്കാന്‍ ബി.ജെ.പിയും ശ്രമിക്കുമ്പോള്‍ നഷ്ടപ്രതാപം വീണ്ടെടുത്ത് അട്ടിമറി വിജയത്തിനാകും സി.പി.എം നീക്കങ്ങള്‍. കഴിഞ്ഞ രണ്ട് മൂന്ന് തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലും വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ ചില നിയമസഭാ മണ്ഡലങ്ങളിലും ക്രോസ് വോട്ട് നടന്നെന്ന ആരോപണം ശക്തമാണ്. ഉപതിരഞ്ഞെടുപ്പിലും ക്രോസ് വോട്ട് വിജയം നിശ്ചയിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. വട്ടിയൂര്‍ക്കാവില്‍ സഹായിക്കാമെന്ന് കരാറുണ്ടാക്കി ബി.ജെ.പി വോട്ട് വാങ്ങിയാണ് കെ.മുരളീധരന്‍ വടകരയില്‍ വിജയിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

 

OTHER SECTIONS