വാഹന ഇന്‍ഷുറന്‍സിനെ ഗതാഗതനിയമ ലംഘനങ്ങളുമായി ബന്ധിപ്പിക്കുന്നു

By Veena Viswan.24 01 2021

imran-azhar

 

മുംബൈ: വാഹന ഇന്‍ഷുറന്‍സിനെ ഗതാഗതനിയമ ലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാന്‍ കരട് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഐ.ആര്‍.ഡി.എ. ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയായ ഐ.ആര്‍.ഡി.എ പ്രസിദ്ധീകരിച്ച പ്രവര്‍ത്തക സമിതിയുടെ റിപ്പോര്‍ട്ടില്‍ ഓരോ തരത്തിലുള്ള നിയമലംഘനത്തിനും പ്രത്യേകം പോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്.

 

മദ്യപിച്ച് വാഹനമോടിക്കലിന് 100, അപകടകരമായ ഡ്രൈവിംഗിന് 90, പൊലീസിനെ ധിക്കരിക്കല്‍ 90, അമിതവേഗത്തിന് 80, ഇന്‍ഷുറന്‍സും ലൈസന്‍സും ഇല്ലാതെയുള്ള ഡ്രൈവിംഗിന് 70, തെറ്റായ ട്രാക്ക് -60, സിഗ്നല്‍ ലംഘനം 50 ഇങ്ങനെയാണ് പൊതു അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിശ്ചയിച്ചിരിക്കുന്ന പോയിന്റുകള്‍.

 

ഈ പോയിന്റുകള്‍ കണക്കാക്കിയാകും അധിക പ്രീമിയം നിശ്ചയിക്കുക. മദ്യപിച്ച് വാഹനമോടിക്കുന്നതിനാണ് കൂടുതല്‍ പോയിന്റ് നിശ്ചയിച്ചിരിക്കുന്നത്.

 

വാഹനത്തിനുണ്ടാകുന്ന നാശം, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, നിര്‍ബന്ധിത വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ പ്രീമിയം തുകയില്‍ വാഹന ഉടമ വരുത്തിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങളുടെ ഗൗരവമനുസരിച്ച് പ്രീമിയം നിശ്ചയിക്കാനാണ് സമിതി ശുപാര്‍ശ. ഡ്രൈവര്‍ നിയമലംഘനം നടത്തിയാലും ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും.

 

വാഹനമോടിക്കുന്നത് ആരെന്നതിന് പകരം വാഹനത്തെ അടിസ്ഥാനമാക്കിയാകും പ്രമീയം നിശ്ചയിക്കുക. വാനം വാങ്ങുന്നയാള്‍ മുമ്പ് ഗതാഗതനിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ കൂടി പ്രീമിയത്തെ ബാധിക്കില്ല. വാഹനം രണ്ടാമത് വില്‍ക്കുമ്പോഴും മുന്‍കാല ചരിത്രം ഒഴിവാക്കും.

 

പുതിയ സംവിധാനത്തിന്റെ ഭാഗമായി വിവരശേഖരണത്തിനും നിയന്ത്രണത്തിനുമായി ഐ.ആര്‍.ഡി.എയുടെ കീഴിലുള്ള ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹിയിലാകും തുടക്കത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കുക.

OTHER SECTIONS