നിയമം ലംഘിച്ചാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും; മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ

By Meghina.24 01 2021

imran-azhar

 ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയായ ഐ.ആർ.ഡി.എ. വാഹന ഇൻഷുറൻസിനെ ഗതാഗതനിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാൻ കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കി.

 

ഇതുസംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച പ്രവർത്തക സമിതിയുടെ റിപ്പോർട്ട് പൊതു അഭിപ്രായത്തിനായി ഐ.ആർ.ഡി.എ. പ്രസിദ്ധീകരിച്ചു.


വാഹനത്തിനുണ്ടാകുന്ന നാശം, തേർഡ് പാർട്ടി ഇൻഷുറൻസ്, നിർബന്ധിത വ്യക്തിഗത അപകട ഇൻഷുറൻസ് തുടങ്ങിയവയുടെ പ്രീമിയം തുകയിൽ വാഹന ഉടമ വരുത്തിയിട്ടുള്ള ഗതാഗതനിയമലംഘനങ്ങളുടെ ഗൗരവമനുസരിച്ച് പ്രീമിയം നിശ്ചയിക്കാനാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്.

 

ഡ്രൈവർ നിയമലംഘനം നടത്തിയാലും ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും.

 


ഓരോ തരത്തിലുള്ള നിയമലംഘനത്തിനും പ്രത്യേക പോയന്റുകൾ നിശ്ചയിച്ചിട്ടുണ്ട്. ഇതു കണക്കാക്കിയാകും അധികപ്രീമിയം നിശ്ചയിക്കുക.

 

മദ്യപിച്ച് വാഹനമോടിക്കുന്നതിനാണ് കൂടുതൽ പോയന്റ് നിശ്ചയിച്ചിട്ടുള്ളത്.

 


വാഹന ഇൻഷുറൻസ് എടുക്കാനോ പുതുക്കാനോ ജനറൽ ഇൻഷുറൻസ് കമ്പനികളെ സമീപിക്കുമ്പോൾ ആ വാഹനം മുൻകാലത്ത് നടത്തിയിട്ടുള്ള ഗതാഗതനിയമലംഘനങ്ങൾകൂടി പരിശോധിക്കാൻ സൗകര്യമൊരുക്കുന്നതിന് ഐ.ആർ.ഡി.എ.

 

ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

വാഹനമോടിക്കുന്നത് ആരെന്നതിനുപകരം വാഹനത്തെ അടിസ്ഥാനമാക്കിയാകും ഇത്തരത്തിൽ പ്രീമിയം നിശ്ചയിക്കുക.

 

വാഹനം വാങ്ങുന്നയാൾ മുമ്പ് ഗതാഗതനിയമം ലംഘിച്ചിട്ടുണ്ടെങ്കിൽക്കൂടി പ്രീമിയത്തെ ബാധിക്കില്ല. വാഹനം രണ്ടാമത് വിൽക്കുമ്പോഴും മുൻകാല ചരിത്രം ഒഴിവാക്കും.

 

 

പുതിയസംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വിവരശേഖരണത്തിനും നിയന്ത്രണത്തിനുമായി ഐ.ആർ.ഡി.എ.യുടെ കീഴിലുള്ള ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയെ ചുമതലപ്പെടുത്തും.

 

 സംസ്ഥാന ട്രാഫിക് പോലീസുമായും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററുമായി ചേർന്ന് ജനറൽ ഇൻഷുറൻസ് കമ്പനികൾക്ക് വിവരങ്ങൾ ലഭ്യമാക്കണം.

 

 

പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹിയിലാകും തുടക്കത്തിൽ മാറ്റങ്ങൾ നടപ്പാക്കുക. മറ്റുസംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയിലെത്തി നിയമലംഘനം നടത്തിയാലും പിന്നീടുള്ള ഇൻഷുറൻസ് പ്രീമിയത്തിൽ ഇതുൾപ്പെടുമെന്ന് കരടുനയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

ഫെബ്രുവരി ഒന്നിനകം ഇക്കാര്യത്തിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് ഐ.ആർ.ഡി.എ. നിർദേശിച്ചിട്ടുള്ളത്.

OTHER SECTIONS