മാധ്യമ സാക്ഷരത വര്‍ധിപ്പിക്കണം : വെങ്കിടേഷ് രാമകൃഷ്ണന്‍

By online desk.16 03 2019

imran-azhar

 

 

തിരുവനന്തപുരം: ദേശീയതയും പൊതുതാത്പര്യവും കൂട്ടിക്കുഴക്കുകയും വസ്തുനിഷ്ഠമായ മാധ്യമപ്രവര്‍ത്തനത്തിന്റെ മാനദണ്ഡങ്ങളും സാധ്യതകളും അട്ടിമറിക്കുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് കൂടുതല്‍ രൂക്ഷമാവുകയാണെന്ന് പ്രമുഖമാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍. ദേശാഭിമാനവും പൊതുതാത്പര്യവും തമ്മില്‍ അതിഭീകരമാം വിധം ഏറ്റുമുട്ടല്‍ നടക്കുകയാണ്. ദേശാഭിമാനം മാത്രമേ മാധ്യമങ്ങളുടെ പൊതുതാത്പര്യമാകാവൂ എന്നതാണ് ശാഠ്യം. ഈ സാഹചര്യത്തില്‍ മനുഷ്യത്വപരവും വിശ്വസനീയവുമായ മാധ്യമപ്രവര്‍ത്തനം കൈമോശം വരാതിരിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ മാധ്യമസാക്ഷരത വര്‍ധിപ്പിക്കണം. മാധ്യമങ്ങളുടെ പൊതുതാത്പര്യത്തെ നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളും വിശദാംശങ്ങളും ജനങ്ങളോട് തുറന്ന് പറയണമെന്നും വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ജി.രാജേഷ്‌കുമാറിന്റെ 11 ാം അനുസ്മരണത്തോടനുബന്ധിച്ച് പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ 'മാധ്യമങ്ങള്‍, പൊതുതാത്പര്യം, ദേശീയത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകായിരുന്നു അദ്ദേഹം.


എന്ത് തരത്തിലുള്ള പൊതുബോധത്തെയാണ് പ്രകടിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച പൊതുധാരണകളെയും നിലപാടുകളുളെയും ലംഘിക്കുന്ന നിലയാണ് ഭൂരിപക്ഷം മാധ്യമങ്ങളില്‍ നിന്നുമുണ്ടാകുന്നത്. രാഷ്ട്രീയരംഗത്ത് നിന്നും മാധ്യമങ്ങളില്‍ നിന്ന് വലിയ മൂലധനനിക്ഷേപമുണ്ടായിട്ടുണ്ട്. 2000 ന് ശേഷം വലിയ കോര്‍പറേറ്റ് ഇടെപടലും മാധ്യമരംഗത്തുണ്ടായി. ഇത്തരം ഇടപെടലുകള്‍ മാധ്യമ ബോധങ്ങളെയും ഭാവങ്ങളെയും സ്വാധീനിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാബ്ലൂ തോമസ്,മാര്‍ഷല്‍ വി.സെബാസ്റ്റ്യന്‍ സംസാരിച്ചു.

OTHER SECTIONS