By Web Desk.01 05 2022
കൊച്ചി: വിജയ് ബാബുവിനെ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി. വൈകുന്നേരം കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലായിരുന്നു തീരുമാനം.
ശക്തമായ അഭിപ്രായ ഭിന്നതകള്‍ക്കൊടുവിലായിരുന്നു തീരുമാനം. വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ നിലപാട് മറികടന്ന് തീരുമാനം എടുക്കരുതെന്ന എക്സിക്യൂട്ടീവ് ഭാരവാഹികളായ ബാബുരാജിന്റെയും ശ്വേതാ മേനോന്റെയും നിലപാട് ഒടുവില്‍ അംഗീകരിക്കപ്പെടുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെതിരെ നടപടി എടുക്കരുതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്. ഈ ഘട്ടത്തില്‍ നടപടിയെടുത്താന്‍ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇവരുടെ വാദം.
എന്നാല്‍ വിജയ് ബാബുവിനെതിരെ നടപടി എടുത്തില്ലെങ്കില്‍ ഭാരവാഹിത്വം രാജിവയ്ക്കുമെന്ന ശക്തമായ നിലപാട് എക്സിക്യൂട്ടീവ് ഭാരവാഹികളായ ബാബുരാജും ശ്വേതാ മേനോനും സ്വീകരിച്ചു. ഇവര്‍ നിലപാടില്‍ അയവ് വരുത്താന്‍ തയ്യാറാകാതെ വന്നതോടെയാണ് വിജയ് ബാബുവിനെ പുറത്താക്കാന്‍ അമ്മ നിര്‍ബന്ധിതമായത്.