പാകിസ്ഥാന്‍ ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങള്‍, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

By mathew.10 09 2019

imran-azhar

 

ജനീവ: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. വിഷയത്തില്‍ പാകിസ്ഥാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. പാകിസ്ഥാന്‍ ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി(ഈസ്റ്റ്) വിജയ് താക്കൂര്‍ സിങ് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.

ഒരു പ്രതിനിധിസംഘം തന്റെ രാജ്യത്തിനെതിരെ തെറ്റായതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ആഗോള തീവ്രവാദത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്ന് ലോകത്തിനറിയാമെന്നും വിജയ് താക്കൂര്‍ സിങ് പറഞ്ഞു. ഭീകര നേതാക്കള്‍ക്ക് വര്‍ഷങ്ങളോളം സംരക്ഷണം നല്‍കിയവരാണ് അവരെന്നും വിജയ് താക്കൂര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

കശ്മീരിലെ പുതിയ നിയമ നടപടികള്‍ പാര്‍ലമെന്റ് പാസാക്കിയ മറ്റ് നിയമ നടപടികളെപ്പോലെ തന്നെയാണെന്ന് ആവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും കശ്മീര്‍ വിഷയം പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര വിഷയത്തില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് ഒരു രാജ്യത്തിനും അംഗീകരിക്കാനാവില്ലെന്നും തീര്‍ച്ചയായും ഇന്ത്യയ്ക്കും അതിന് കഴിയില്ലെന്നും അവര്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ തുല്യതയും നീതിയും ഉറപ്പ് വരുത്താനാണ് ഈ നടപടിയെന്നും കശ്മീരിലെ ലിംഗവിവേചനം അവസാനിപ്പിക്കാനും മനുഷ്യാവകാശങ്ങള്‍ ഉറപ്പ് വരുത്താനും ഇതിലൂടെ കഴിയുമെന്നും അവര്‍ വ്യക്തമാക്കി.

ദേശീയ പൗരത്വ പട്ടിക സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് തയ്യാറാക്കിയതെന്നും വിജയ് താക്കൂര്‍ സിങ് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെ അറിയിച്ചു. ഇത് ഇന്ത്യയിലെ നിയമ വ്യവസ്ഥകള്‍ക്ക് അധിഷ്ടിതമാണെന്നും അവര്‍ വ്യക്തമാക്കി.

 

OTHER SECTIONS