പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം; ഡല്‍ഹിയില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

By mathew.15 12 2019

imran-azhar

 


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം. ജാമിയ മിലിയ സര്‍വലകലാശാലയില്‍ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം വലിയ പ്രക്ഷോഭമായി വ്യാപിക്കുകയായിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമുള്‍പെടെ നൂറുകണക്കിന് പേരാണ് ദക്ഷിണ ഡല്‍ഹിയില്‍ സമരത്തില്‍ പങ്കെടുത്തത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ ആറ് സ്റ്റേറ്റ് ബസുകളും മറ്റ് നിരവധി വാഹനങ്ങളും അഗ്‌നിക്കിരയാക്കിയതായാണ് റിപ്പോര്‍ട്ട്.

 

ജാമിയ സര്‍വകലാശാലയ്ക്ക് ഒരു കിലോമീറ്റര്‍ അകലെ മഹാറാണി ബാഗിലേയ്ക്കുള്ള പ്രധാന റോഡിലാണ് പ്രക്ഷോഭകര്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബസ് കത്തിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരില്‍ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഡല്‍ഹിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. പൊലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

 

വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ കല്ലെറിയുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥികളെ പൊലീസ് ലാത്തി വീശി ഓടിക്കുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ആറ് സ്റ്റേറ്റ് ബസുകളും നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്‌നിക്കിരയാക്കിയതായാണ് പൊലീസ് പറയുന്നത്.

 

സ്ഥലത്ത് നിരവധി പൊലീസിനെയും അഗ്‌നിശമന സേനയെയും നിയോഗിച്ചിട്ടുണ്ട്. ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തില്‍ പല സ്ഥലങ്ങളിലും കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

 

 

OTHER SECTIONS