വിഴിഞ്ഞം കരാർ: പുലിമുട്ടിന് 75 ലക്ഷം ടണ്‍ പാറ, ആഴം കണക്കാക്കാതെ കരാര്‍, ആശ്ചര്യം പ്രകടിപ്പിച്ച് കമ്മിഷന്‍

By online desk.25 07 2019

imran-azhar

 

തിരുവനന്തപുരം: വിഴിഞ്ഞം കരാറിലെ വ്യവസ്ഥകള്‍ പാരിസ്ഥിതിക ആഘാതത്തിന് കാരണമാകുമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. കരാറുകാരായ അദാനി ഗ്രൂപ്പിന്റെ ലാഭത്തിനായി ഉള്‍പ്പെടുത്തിയ വ്യവസ്ഥകളെ നിശിതമായി വിമര്‍ശിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍, സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്. പുലിമുട്ട് നിര്‍മ്മാണത്തിനുള്ള വ്യവസ്ഥകളിലുള്ള കമ്മിഷന്‍ സംശയം സ്ഥിരീകരിക്കണമെങ്കില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. അശാസ്ത്രീയമായി കരാറുകാരന്റെ ലാഭത്തിന് വേണ്ടി മാത്രമായി ഉള്‍പ്പെടുത്തിയ വ്യവസ്ഥ സംസ്ഥാനത്തിന് കോടികളുടെ ബാധ്യത മാത്രമല്ല വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.

 

3.10 കിലോ മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കേണ്ട പുലിമുട്ടിന് എത്ര ആഴത്തില്‍ പാറയിടേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ആഴം വ്യക്തമായി കണക്കാതെ പുലുമുട്ടിനായി 75 ലക്ഷം ടണ്‍ പാറ ലഭ്യമാക്കാമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നുണ്ട്. കേരളത്തിനകത്തു നിന്നും ഇത്രയധികം പാറ ലഭ്യമാക്കുകയാണെങ്കില്‍ പാരിസ്ഥിതിക ആഘാതം രൂക്ഷമായിരിക്കും. ഇനി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പാറ എത്തിക്കാന്‍ ശ്രമിച്ചാലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പാറ ലഭിക്കില്ല. ലഭ്യമായാല്‍ അതിനുള്ള വില സര്‍ക്കാര്‍ നല്‍കേണ്ടി വരും. ഈ വിലയും നിര്‍മ്മാണത്തിനുള്ള കൂലിയും കരാറില്‍ യുഎസ് ഡോളറിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് സൃഷ്ടിക്കുക.

 

ഇന്ത്യന്‍ രൂപയില്‍ വിലയും കൂലിയും കരാറില്‍ ഉള്‍പ്പെടുത്താമെന്നിരിക്കെ യുഎസ് ഡോളറില്‍ നിശ്ചയിച്ചത് സംശയകരമാണ്. കരാര്‍ ഒപ്പിടുന്ന സമയത്തെ വിനിമയ നിരക്കും പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സമയത്തെ വിനിമയ നിരക്കും വ്യത്യസ്തമായിരിക്കും. എപ്പോഴും രൂപയേക്കാള്‍ മൂല്യം കൂടുതല്‍ ഡോളറിനായിരിക്കും. ഇതോടെ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അന്നത്തെ വിനിമയ നിരക്കില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ അധികം തുക കരാറുകാരന് നല്‍കേണ്ടി വരും. സര്‍ക്കാര്‍ നേരിട്ടായിരിക്കില്ല പാറ ലഭ്യമാക്കുക. പാറ ലഭിക്കുന്നതിനുള്ള തടസം നീക്കുക മാത്രമായിരിക്കും സര്‍ക്കാര്‍ ചെയ്തു കൊടുക്കുക.

 

വില കൊടുത്തു വാങ്ങുന്നതും പണി ചെയ്യുന്നതും കരാറുകാരനായിരിക്കും ഇതോടെ കരാറുകാരന്‍ ആവശ്യപ്പെടുന്ന തുക നല്‍കാന്‍ കരാര്‍ പ്രകാരം സര്‍ക്കാര്‍ ബാധ്യസ്ഥരാകും. സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യവും സാഹചര്യവും പരിഗണിക്കാതെയാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്ന് കമ്മിഷന്‍ പറയാനിടയാക്കിയത് ഇത്തരം വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. പുലിമുട്ട് നിര്‍മ്മാണം കരാറില്‍ ഉള്‍പ്പെടുത്തിയത് തന്നെ ക്രമവിരുദ്ധമായാണ്. 1210 കോടി ചെലവ് വിലയിരുത്തി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നിര്‍മ്മിക്കുന്നതിനായിരുന്നു പദ്ധതി. സര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ച് കരാര്‍ ഉറപ്പിച്ച് പണി നടത്തേണ്ടതാണ്. എന്നാല്‍ ഈ പ്രവര്‍ത്തി കൂടി അദാനി ഗ്രൂപ്പിനു നല്‍കി. നല്‍കിയതാകട്ടെ 1463 കോടി രൂപയായി വര്‍ദ്ധിപ്പിച്ചായിരുന്നു.
253 കോടി രൂപ അധികം നിശ്ചയിച്ച് നല്‍കിയത് സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍.

 

ഇത് ജുഡീഷ്യല്‍ കമ്മിഷനും ശരിവച്ചിട്ടുണ്ട്. കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ 253 കോടി രൂപ അധികമായി നല്‍കുന്നത് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. സര്‍ക്കാരാകട്ടെ അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടു നല്‍കിയതാണെന്ന മറുപടിയാണ് നല്‍കിയത്. ഇപ്പോഴില്ലെങ്കില്‍ പിന്നെ ഒരിക്കലുമുണ്ടാകില്ലെന്ന വിചിത്രമായ ന്യായം കൂടി ഉന്നയിച്ചു. ഈ ന്യായം കമ്മിഷന്‍ തള്ളുകയും ചെയ്തു. ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമുണ്ടാകില്ലെന്ന് നിസാരമായി പറയാതെ പുതിയ കരാറുകാരെ കണ്ടെത്താത്തതില്‍ കമ്മിഷന്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ടെണ്ടറില്‍ ഒരാള്‍ മാത്രം പങ്കെടുത്തപ്പോഴും മറ്റൊരാളിനെ കൂടി കണ്ടെത്താതെ മത്സരത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് നേട്ടമുണ്ടാക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും കമ്മിഷന്‍ വിലയിരുത്തിയിട്ടുണ്ട്.

 

 

Read : അദാനി - ഉമ്മന്‍ചാണ്ടി ചര്‍ച്ച; നിര്‍ബന്ധിച്ചത് വിസില്‍, വിലപേശല്‍ അവസരം നഷ്ടപ്പെടുത്തി

 

 

 

OTHER SECTIONS