ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്സി കൊല്ലം ജില്ലയ്ക്ക് ലഭിക്കാന്‍ സാധ്യത

By വീണ വിശ്വന്‍.27 10 2020

imran-azhar

കൊല്ലം:   ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്‌സികളിലൊന്ന് കൊല്ലം ജില്ലയ്ക്ക് ലഭിക്കാന്‍ സാധ്യത. നാല് വാട്ടര്‍ ടാക്‌സികളാണ് ജലഗതാഗത വകുപ്പിനുള്ളത്. അതിലൊന്ന് ആലപ്പുഴയില്‍ സര്‍വീസ് ആരംഭിച്ച് കഴിഞ്ഞു.


പ്രധാനമായും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് വാട്ടര്‍ ടാക്‌സികളുടെ പ്രധാന ലക്ഷ്യം. അതേസമയം വാട്ടര്‍ ടാക്‌സികള്‍ക്ക് ഏറെ സാദ്ധ്യതയുള്ള കൊല്ലത്ത് ഇത് ലഭ്യമാകാന്‍ മന്ത്രിതല തീരുമാനമായതിന് ശേഷമേ ഉറപ്പു ലഭിക്കുകയുള്ളു എന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി.വി.നായര്‍ വ്യക്തമാക്കി. വാട്ടര്‍ ടാക്‌സി വന്നാല്‍ അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വാദിക്കാന്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. അര മണിക്കൂറിന് 750 രൂപയാണ് കുറഞ്ഞ വാടക. പിന്നീടുള്ള അഞ്ച് മിനിറ്റിന് 125 രൂപയാകും.  ഒരു മണിക്കൂറിന് 1,500 രൂപ. പത്തുപേര്‍ ചേര്‍ന്ന് വാടകയ്ക്ക് എടുക്കാനും കഴിയും.

ഓണ്‍ലൈന്‍ ടാക്‌സികളുടെ മാതൃകയില്‍ സഞ്ചാരികള്‍ നില്‍ക്കുന്ന കായലോരത്തേക്ക് വരുമെന്നതാണ് വാട്ടര്‍ ടാക്‌സിയുടെ പ്രത്യേകത. ഫൈബര്‍ ഉപയോഗിച്ചാണ് വാട്ടര്‍ ടാക്‌സിയുടെ ചട്ടക്കൂട് നിര്‍മ്മിച്ചിരിക്കുന്നത്. സ്രാങ്കിനും ലാസ്‌കര്‍ക്കും പുറമേ പത്ത് പേര്‍ക്ക് ഇരിക്കാം. മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ (25 കിലോ മീറ്റര്‍) വേഗതയുണ്ട്. ടാക്‌സിക്ക് പ്രത്യേകം മൊബൈല്‍ നമ്പരുണ്ട്. ഈ നമ്പരില്‍ ബന്ധപ്പെട്ട് സഞ്ചാരികള്‍ക്ക് ഓട്ടം വിളിക്കാം. കൊല്ലം ബോട്ട് ജെട്ടി കേന്ദ്രീകരിച്ചാകും സര്‍വീസ്. ടൂറിസ്റ്റുകള്‍ അധികമായി ഇല്ലാത്ത സമയങ്ങളില്‍ വാട്ടര്‍ ടാക്‌സി ഉപയോഗിച്ച് ആലപ്പുഴ, എറുണാകുളം ഭാഗത്തേക്ക് പാസഞ്ചര്‍ സര്‍വീസ് നടത്താനും ആലോചനയുണ്ട്.


സജ്ജീകരണങ്ങളാല്‍ ഏറെ പ്രത്യേകത നിറഞ്ഞതാണ് ബോട്ട്. സ്വീഡനില്‍നിന്നെത്തിച്ച ഒ.എക്സ്.ഇ. ഡീസല്‍ എന്‍ജിനാണ് വാട്ടര്‍ ടാക്സിക്ക് വേഗത പകരുന്നത്. പാണാവള്ളിയിലെ നവഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സാണ് സംസ്ഥാന ജലഗതാഗതവകുപ്പിനായി ബോട്ട് നിര്‍മിച്ചിട്ടുള്ളത്.


ഒരു സ്വിച്ചിട്ടാല്‍ മതി എന്‍ജിന്‍ വെള്ളത്തിലേക്കിറങ്ങി യാത്രയ്‌ക്കൊരുങ്ങും. വീഡിയോ ഗെയിം കളിക്കുന്ന ജോയ്സ്റ്റിക്ക് പോലെയൊന്ന് ഈ ബോട്ടിലുമുണ്ട്. ഇടത്തോട്ടിലും മറ്റും ബോട്ട് നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്നതാണ് ഈ ജോയ്സ്റ്റിക്ക്. കായല്‍ പ്രദേശങ്ങളിലേക്കെത്തുമ്പോള്‍ മാത്രമാണ് പവര്‍ സ്റ്റിയറിങ് ഉപയോഗിക്കുക. ബോട്ടിലെ മറ്റുപകരണങ്ങള്‍ സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. ഇതിനായി സൗരോര്‍ജ പാനല്‍ ബോട്ടിന്റെ മുകളിലുണ്ട്. ലൈഫ് ബോയയും ജാക്കറ്റുമടക്കം എല്ലാ സുരക്ഷാ സംവിധാനങ്ങളും ബോട്ടിലുണ്ട്.

OTHER SECTIONS