ഹെറ്റ്മയറിന്റെയും ഹോപ്പിന്റെയും സെഞ്ചുറി കരുത്തില്‍ വിന്‍ഡീസ്; ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്തു

By mathew.15 12 2019

imran-azhar

 


ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഷിമ്രോണ്‍ ഹെറ്റ്മയറിന്റെയും ഷായ് ഹോപ്പിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തിലായിരുന്നു വെസ്റ്റിന്‍ഡീസിന്റെ ജയം. എട്ട് വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണെടുത്തത്. ഹെറ്റ്മയറും ഷായ് ഹോപ്പും സെഞ്ചുറികളുമായി കളം നിറഞ്ഞതോടെ 13 പന്തും എട്ടു വിക്കറ്റും ബാക്കിനില്‍ക്കെ വിന്‍ഡീസ് ലക്ഷ്യം കണ്ടു.


ഏകദിനത്തിലെ അഞ്ചാം സെഞ്ചുറി കുറിച്ച ഷിമ്രോണ്‍ ഹെറ്റ്മയര്‍ 106 പന്തില്‍ 11 ഫോറും ഏഴു സിക്‌സും സഹിതം 139 റണ്‍സെടുത്ത് പുറത്തായി. 151 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും ഉള്‍പെടെ 102 റണ്‍സ് നേടി ഷായ് ഹോപ്പ് പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റില്‍ ഹെറ്റ്മയര്‍ - ഹോപ്പ് സഖ്യം 218 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. എട്ട് പന്തില്‍ രണ്ടു ഫോര്‍ സഹിതം ഒമ്പത് റണ്‍സെടുത്ത അംബ്രിസിനെ ദീപക് ചാഹറാണ് പുറത്താക്കിയത്. നിക്കോളാസ് പുരാന്‍ 23 പന്തില്‍ നാല് ഫോര്‍ സഹിതം 29 റണ്‍സ് നേടി പുറത്താകാതെ നിന്നു.


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടുകയായിരുന്നു. അര്‍ധസെഞ്ചുറി നേടി തിളങ്ങിയ ശ്രേയസ് അയ്യര്‍, ഋഷഭ പന്ത് എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കെ.എല്‍.രാഹുല്‍(6), വിരാട് കോഹ്‌ലി(4), രോഹിത് ശര്‍മ(36), ശ്രേയസ് അയ്യര്‍ ( 70), ഋഷഭ് പന്ത് (71), കേദാര്‍ ജാദവ് (40), രവീന്ദ്ര ജഡേജ (21 ), ശിവം ദുബെ(9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്.


ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം 18ാം തീയതി വിശാഖപട്ടണത്ത് നടക്കും.

 

OTHER SECTIONS