വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം

By online desk.15 12 2019

imran-azhar


ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 80 റണ്‍സ് എന്ന നിലയില്‍ പരുങ്ങുകയായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്നാണ് കൈ പിടിച്ചുയര്‍ത്തിയത്. ഇരുവരും അര്‍ധസെഞ്ചുറി നേടി. 114 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.


88 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സും ഉള്‍പെടെ 70 റണ്‍സെടുത്ത ശ്രേയസിനെ പുറത്താക്കി അല്‍സാരി ജോസഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 69 പന്തില്‍ 71 റണ്‍സെടുത്ത ഋഷഭ് പന്തും പുറത്താകുകയായിരുന്നു. പൊള്ളാര്‍ഡാണ് വിക്കറ്റ് സ്വന്തമാക്കിയത്.


പിന്നീട് കേദാര്‍ ജാദവിന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ സ്‌കോര്‍ 250 കടത്തിയത്. ജാദവ് 35 പന്തില്‍ 40 റണ്‍സ് നേടി. രവീന്ദ്ര ജഡേജ 21 റണ്‍സുമായി റണ്‍ഔട്ടായപ്പോള്‍ അരങ്ങേറ്റ കുറിച്ച ശിവം ദുബെയ്ക്ക് ക്രീസില്‍ അധികം പിടിച്ചുനില്‍ക്കാനായില്ല. ആറു പന്തില്‍ ഒമ്പത് റണ്‍സെടുത്ത് ദുബെ പുറത്താകുകയായിരുന്നു. ദീപക് ചാഹറും മുഹമ്മദ് ഷമിയും പുറത്താകാതെ നിന്നു.

ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 11 റണ്‍സെടുത്തിട്ടുണ്ട്.

 

OTHER SECTIONS