ഒമിക്രോണ്‍: പ്രത്യാഘാതം അതീവഗുരുതരമാകും, 'ഉയര്‍ന്ന അപകടസാധ്യതയുള്ളത്'- ലോകാരോഗ്യസംഘടന

By സൂരജ് സുരേന്ദ്രന്‍.29 11 2021

imran-azhar

 

 

ജനീവ: കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദമായ B.1.1 529 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചത്.

 

ഒമിക്രോൺ (OMICRON) എന്ന് പേര് നൽകിയിരിക്കുന്ന ഈ വകഭേദം ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.

 

ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഈ വകഭേദത്തിന്റെ തീവ്രത എത്രമാത്രം ഭീകരമാണെന്നതിൽ ഇനിയും അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ അറിയിച്ചു.

 

ഒമിക്രോൺ വകഭേദത്തെ സംബന്ധിച്ച പൂർണമായ അവലോകനത്തിന് ഇനിയും ആഴ്ചകൾ എടുക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതേസമയം ഒമിക്രോൺ വ്യാപകമായി പടർന്നുപിടിച്ചാൽ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമാകുമെന്നും ലോകാരോഗ്യസംഘടന പറയുന്നു.

 

ജര്‍മനി, ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നിവയ്ക്കു പുറമേ ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

ഒമിക്രോണിനെതിരെയുളള ജാഗ്രതയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തെക്കേ ആഫ്രിക്കയിലെ 10 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര യുകെ നിരോധിച്ചു.

 

OTHER SECTIONS