കർഷകർ തെരുവുകളിലിറക്കപ്പെടുമ്പോൾ

By Arunima S.28 11 2020

imran-azhar

 

 

ഇന്ത്യയുടെ ആത്മാവ് കർഷകഗ്രാമങ്ങളിലാണെന്ന് നാഴിക്ക് നാൽപതുവട്ടം ഓർമിക്കുന്നവരുടെ‌ മുന്നിലാണ് 1000ലധികം കർഷകർ പ്രക്ഷോഭം നടത്തേണ്ടി വരുന്നത്. ദിവസങ്ങളോളം വേണ്ടി വന്നേക്കാവുന്ന ഭക്ഷണവും തണുപ്പകറ്റാൻ വിരിയുമായാണ് അവർ പഞ്ചാബിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്ര തിരിച്ചിരിക്കുന്നത്.
"ഒരു രാജ്യം ഒരു കാർഷിക വിപണി" എന്ന ആശയത്തിൻ മേൽ കാർഷികബില്ല് കൊണ്ടുവരുന്നത് നന്ന്.

 

പക്ഷേ രാജ്യത്തു എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ കണക്കുകളില്ലയെന്നും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കുകള്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ സൂക്ഷിച്ചിട്ടില്ല എന്നും പറയുന്നവരുടെതാണ് ആശയമെന്നറിയുമ്പോൾ നിലനിൽപ്പിനെക്കുറിച്ചോർത്ത് ഉള്ള് പിടയ്ക്കുന്നതിനെ കുറ്റം പറയാനാകില്ല.കർഷകരുൾപ്പെടെ പ്രതിക്ഷേധവുമായി മുന്നിലെത്തുന്ന കാർഷിക ബില്ലിനെക്കുറിച്ച്.

 


കോവിഡ് മഹാമാരിക്കാലത്ത് ആത്മനിര്‍ഭര്‍ പാക്കേജിന്‍റെ ഭാഗമായി മൂന്ന് ഓര്‍ഡിനന്‍സുകളാണ് ജൂണില്‍ കേന്ദ്ര സര്ക്കാര്‍ വിജ്ഞാപനം ചെയ്തത്. ഇന്ത്യയിലെവിടെയും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു കര്‍ഷകര്‍ക്ക് വരുമാനം നേടിക്കൊടുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ചെയ്തത്.

 

കാര്ഷിക സേവനങ്ങളും അര്‍ഹമായ വില ഉറപ്പാക്കലിനും സഹായിക്കുമെന്ന് കേന്ദ്ര സര്ക്കാര്‍ അവകാശപ്പെടുന്ന,രാഷ്ട്രപതി ഒപ്പ് വച്ച ആ 3 ബില്ലുകൾ ഇവയാണ്

 

1. കര്‍ഷകരുടെ ഉത്പാദന വ്യാപാര വാണിജ്യ ബില്ല്

 

പ്രാദേശിക ഭരണകൂടങ്ങളുടെ മേല്‍നോട്ടത്തിലുള്ള അഗ്രികള്‍ചര്‍ പ്രോഡക്ട് മാര്‍ക്കറ്റിങ് കമ്മിറ്റി അഥവാ എപിഎംസിയ്ക്ക് പുറത്തു ഉത്പന്നങ്ങൾ വില്‍ക്കാനാകും.കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതെവിടെയാണോ അവിടം കമ്പോളമാകുമെന്ന് അർഥം. എപിഎംസിയുടെ ലൈസന്‍സ് ഉള്ളവരാണ് ഇപ്പോഴത്തെ വ്യാപാരികള്.എന്നാൽ പുതിയ നിയമപ്രകാരം ഉല്പ്പാദകര്‍, കയറ്റുമതിക്കാര്‍, മൊത്തവിപണനക്കാർ എല്ലാം വ്യാപാരികളായി മാറും.

 

എപിഎംസി നിയമം നിലവിലില്ലാത്ത സംസ്ഥാനമായ കേരളത്തിനും ഇത് ബാധകമാണ്.ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലുള്ള യൂണിയന്‍ ലിസ്റ്റിലെ എന്‍ട്രി 42 പ്രകാരം അന്തര്‍ സംസ്ഥാന വിപണനത്തില്‍ കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താമെന്ന ന്യായത്തിലാണ് എപിഎംസി ഭേദഗതി.അതുകൊണ്ട് കേന്ദ്രത്തിന്‍റെ പുതിയ പരിഷ്കാരം സംസ്ഥാനങ്ങള്‍ക്കൊക്കെ ബാധകമാണ് .

 

നിലവിലെ വിപണികളെക്കാൾ മെച്ചപ്പെട്ട വിപണികള്‍ ലഭ്യമാകുമെന്നാണ് സര്ക്കാര്‍ പറയുന്നത്.മികച്ച വില ഉറപ്പാക്കാനാകുമെന്നും ചൂഷണം ഇല്ലാതാകുമെന്നും വാദിക്കുന്നുണ്ട്. പക്ഷേ പ്രാദേശിക ഭരണകൂടങ്ങളുടെയും സര്‍ക്കാരിന്റെയും നിയന്ത്രണങ്ങള്‍ ഇല്ലാതെയാകുന്ന തുറന്ന വിപണിയില്‍ കര്‍ഷകരുടെ സംഘടിത വിലപേശലിന് പോലും ശക്തി ഉണ്ടാകില്ലയെന്നതാണ് വാസ്തവം.
പ്രാദേശിക വിപണിയിലെ ഏജന്‍റുമാരെ കണ്ടു പരിചയിച്ച കര്‍ഷകര്‍ക്ക് ബുദ്ധി കൂടിയ കോര്‍പ്പറേറ്റ് ഏജന്‍റുമാരെ കൈകാര്യം ചെയ്യാന്‍ കഴിയണമെന്നില്ലല്ലോ. തദ്ദേശീയ ഏജന്‍റുമാരില്‍ നിന്ന് കൈവായ്പ വാങ്ങി ശീലിച്ച കര്‍ഷകര്‍ക്ക് ഒരു തിരിച്ചടി കൂടിയാണിത്.

 

2. കര്‍ഷക  വില സ്ഥിരതാ കാര്ഷിക സേവന കരാര്‍ ബില്ല്

 

കരാര്‍കൃഷി രാജ്യാവ്യാപകമായി നടപ്പാക്കുന്നതിനുള്ള ബില്ലാണിത്. കരാര്‍കൃഷിക്കൊപ്പം ബന്ധപ്പെട്ട സേവനങ്ങളും ഈ ബില്ലിന്‍റെ പരിധിയിലാണ് വരുന്നത്. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ വിത്ത് വിതയ്ക്കുമ്പോള്‍ തന്നെ കര്‍ഷകന് വിളയുടെ വില നിശ്ചയിക്കാം. ഇതുവഴി ഇടത്തട്ട് ചൂഷണം കര്‍ഷകര്‍ക്ക് നേരിടേണ്ടി വരില്ല. പിന്നെ വിലത്തകര്‍ച്ച ബാധ്യത സ്പോണ്‍സര്‍മാരിലേക്ക് മാറും. ചുരുക്കി പറഞ്ഞാൽ
കൃഷിഭൂമിയും സേവനങ്ങളും കുത്തകകള്‍ക്ക് നൽകി പ്രതിഫലം പറ്റി ജീവിക്കുന്ന കര്‍ഷകന്‍ എന്ന പേര് ബാക്കി.

 

കരാര്‍ അനുസരിച്ചുള്ള ഉയര്ന്ന ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിക്കാൻ കര്‍ഷകര്‍ക്കാകണമെന്നില്ല. അങ്ങനെ കരാറെടുത്ത കമ്പനികൾ വില വെട്ടിക്കുറക്കും.‍പിന്നെ കര്‍ഷകര്‍ക്ക് പ്രാധാന്യം കൊടുക്കണമെന്ന് നിയമമില്ലല്ലോ.അങ്ങനെ കരാര്‍കൃഷി സാധാരണ കര്‍ഷകര്‍ക്ക് അനുഗ്രഹത്തിലുപരി ദുരിതമായി മാറും.

 

3. ആവശ്യസാധന നിയമ ഭേദഗതി ബില്ല്

 

ഭക്ഷ്യസംസ്കരണത്തിനും കയറ്റുമതിക്കുമായി പരിധിയില്ലാതെ സംഭരിച്ചു സൂക്ഷിക്കാനായാണ് ആവശ്യ സാധനനിയമം ഭേദഗതി ചെയ്തിരിക്കുന്നത്. വിദേശ നിക്ഷേപത്തിന് വഴിയൊരുക്കുമെന്നും കര്‍ഷകര്‍ക്ക് വിലസ്ഥിരത ആനൂകൂല്യം ലഭ്യമാകുമെന്നും ഒക്കെ സര്ക്കാര്‍ അവകാശപ്പെടുന്നുണ്ട്.സംഭരണത്തിന് പരിധി നിശ്ചയിക്കാതെയാകുന്നതോടെ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണം ഇല്ലാതാകും. പിന്നെ സംഭരണ ശേഷി കൂടുതലുള്ള കോര്‍പ്പറേറ്റ് കമ്പനികളായിരിക്കും വിപണി നിയന്ത്രിക്കുക.വൈകാതെ ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള സര്ക്കാര്‍ സംഭരണം സ്വകാര്യ മേഖലയ്ക്ക് സ്വന്തമാകും.

 


പ്രധാന്‍മന്ത്രി കിസാന്‍ യോജന നോക്കിയാൽ ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ ഏകദേശം 14.5 കോടി കര്‍ഷക കുടുംബങ്ങളുണ്ടെന്ന് മനസിലാക്കാം. കൂടാതെ 5 ഏക്കറില്‍ താഴെ കൃഷി ഭൂമിയുള്ള 86 ശതമാനം ചെറുകിട കര്‍ഷകരുമുണ്ട്.വരുന്ന പുതിയ പരിഷ്കാരങ്ങള്‍ ബാധിക്കാന്‍ പോകുന്നത് ഇപ്പറഞ്ഞ 86 ശതമാനം വരുന്നവരെയാണ്.

 


പ്രതിഷേധങ്ങള്‍ കനക്കുകയാണ്.ഡൽഹി , ഹരിയാന ,ഉത്തർപ്രദേശ് അതിർത്തികളിൽ വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ജലപീരങ്കി പ്രയോഗം മറ്റൊരു വശത്ത്. പുറംമോടിക്ക്‌ സൂപ്പർ ഹീറോയെന്നും , രാജ്യത്തിന്റെ ആത്മാവ് എന്നുമൊക്കെ വിശേഷിപ്പിച്ചു, ആഘോഷിക്കുന്നവരെ, ‌ എത്ര കർഷകർ പേരിൽ ഒതുങ്ങുന്നുവെന്ന് ചോദിക്കുമ്പോൾ കൈ മലർത്തി കാണിക്കുന്നവർക്കിടയിലാണ് നാം ജീവിക്കുന്നത്. പാടത്തു പകലന്തിയോളം പണിയെടുത്താലും അവസാനം വീണ്ടുകീറിയ കാലുകളുമായി ഒരു മുഴം കയറിന്റെയോ, ഒരു കുപ്പി വിഷത്തിന്റെയോ സഹായത്തോടെ ജീവിതം അവസാനിപ്പിക്കാൻ വിധിക്കപ്പെട്ടവരാണ് കർഷകർ എന്ന ചിന്താഗതി ഊട്ടിയുറപ്പിക്കാതെ ഇരിക്കുക. കർഷകർക്ക് ഒരു പ്രശ്നം വന്നാൽ ബാധിക്കുക അവരെ മാത്രമല്ല, നമ്മളെയോരോരുത്തരെയുമാണ്.

OTHER SECTIONS