ലൈംഗിക തൊഴിലാളികള്‍ക്ക് പോലും വേണ്ടെന്ന് പറയാം, എന്തുകൊണ്ട് ഭാര്യയ്ക്ക് പറ്റില്ലെന്ന് ഹൈക്കോടതി

By Avani Chandra.14 01 2022

imran-azhar

 

ന്യൂഡല്‍ഹി: സമ്മതമില്ലാതെയുളള ലൈംഗികബന്ധത്തിനെതിരേ ഏതൊരാള്‍ക്കും ബലാത്സംഗത്തിന് കേസ് നല്‍കാമെന്നിരിക്കേ വിവാഹിതരായ സ്ത്രീകള്‍ക്ക് ഈ അവകാശം എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയുടെ സമ്മതമല്ലാത്ത ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

 

ലൈംഗിക തൊഴിലാളികള്‍ക്ക് പോലും തന്റെ ഉപഭോക്താവിനോട് 'വേണ്ട' എന്നു പറയാനുള്ള അവകാശമുണ്ട്. അങ്ങനെയുള്ളപ്പോള്‍, ലൈംഗിക ബന്ധത്തിന് സമ്മതല്ലമെന്ന് ഭര്‍ത്താവിനോട് പറയാന്‍ ഭാര്യക്കുളള അവകാശം എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് രാജീവ് ശക്ധര്‍ ചോദിച്ചു.

 

ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചാല്‍ ലൈംഗിക തൊഴിലാളികള്‍ക്കു പോലും തന്നെ നിര്‍ബന്ധിക്കുന്ന പുരുഷനെതിരേ ബലാത്സംഗത്തിന് കേസുകൊടുക്കാന്‍ അവകാശമുണ്ടെന്ന് അമികസ്‌ക്യൂരിയായ മുതിര്‍ന്ന അഭിഭാഷകന്‍ രാജ്‌ശേഖര്‍ റാവു ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ശക്ധറിന്റെ പ്രതികരണം.

 

എന്നാല്‍, ഈ രണ്ടു ബന്ധങ്ങളെയും താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ശക്ധറിന്റെ ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് സി. ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു. ഒരു ഉപഭോക്താവും ലൈംഗിക തൊഴിലാളിയും തമ്മിലുള്ള ബന്ധമല്ല വിവാഹബന്ധത്തിലേതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാര്യ ഏറെ അനുഭവിച്ചിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ, പത്തു വര്‍ഷത്തെ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന പുരുഷന്‍ കടന്നു പോകേണ്ടി വരുന്ന അനുഭവങ്ങളെ കുറിച്ചു കൂടി നാം ചിന്തിക്കേണ്ടതുണ്ട്. എന്നാല്‍ ബലാത്സംഗക്കേസില്‍ പ്രതിയെ ശിക്ഷിക്കരുതെന്നല്ല താന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ബലാത്സംഗം എന്നാല്‍ ബലാത്സംഗം എന്നു തന്നെയാണ് അര്‍ഥമെന്ന് രാജ്‌ശേഖര്‍ റാവു വാദിച്ചു. സ്ത്രീകളുടെ ഏറ്റവും വിലപ്പെട്ട അവകാശങ്ങളെ ലംഘിക്കുന്നതാണ് ബലാത്സംഗമെന്നും സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും കോടതികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

OTHER SECTIONS