ഇത്തരം പ്രകോപനങ്ങള്‍ കൊണ്ട് വനിതാ കമ്മീഷനെ നിലയ്ക്ക് നിര്‍ത്താമെന്ന് ആരും കരുതേണ്ടതില്ല: എം.സി. ജോസഫൈന്‍.

By anju.14 Sep, 2017

imran-azhar

 

തിരുവനന്തപുരം: സമീപകാല സംഭവങ്ങളോട് സ്ത്രീകള്‍ പ്രതികരിക്കുമ്പോള്‍ സമൂഹത്തിലെ ഒരുവിഭാഗത്തിന് അസഹിഷ്ണുതയുണ്ടെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. വധഭീഷണി ഉള്‍പ്പെടെയുള്ള ഭീഷണികത്തുകള്‍ എത്തിയ സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസഫൈന്‍.

 

വിഷയത്തില്‍ തനിക്ക് തുടക്കം മുതല്‍ തന്നെ ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നുവെങ്കിലും ഒരുപാട് കത്തുകള്‍ എത്തിയതിന് ശേഷമാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും ജോസഫൈന്‍ പറഞ്ഞു. തനിക്ക് ലഭിച്ച ഭീഷണിക്കത്തുകള്‍ ഡിജിപിയെ ഏല്‍പ്പിക്കുമെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

തനിക്ക് ഭീഷണി കത്തുകള്‍ എഴുതിയത് പി.സി ജോര്‍ജ് എംഎല്‍എയെ അനുകൂലിക്കുന്നവരാണെന്ന് കരുതുന്നില്ല. ഇത്തരത്തിലുള്ള പ്രകോപനങ്ങള്‍ കൊണ്ടോ ഭീഷണികള്‍ കൊണ്ടോ വനിതാ കമ്മീഷനെ നിലയ്ക്ക് നിര്‍ത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും എം.സി. ജോസഫൈന്‍ വ്യക്തമാക്കി.

 

പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ കേസെടുക്കാന്‍ കമ്മീഷന്‍ കാലതാമസമെടുത്തു എന്ന വാദം എം.സി. ജോസഫൈന്‍ പാടെ തള്ളിക്കളഞ്ഞു. ഇത്തരം വിഷയങ്ങളില്‍ എടുത്തു ചാടി നടപടികള്‍ സ്വീകരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. തനിക്കെതിരെ ഭീഷണിക്കത്തുകള്‍ വന്നപ്പോള്‍ എടുത്തുചാടി പ്രതികരിക്കാതിരുന്നത് അതിനാലാണെന്നും തനിക്കെതിരായ ഭീഷണി കേരളത്തിലെ സ്ത്രീകള്‍ക്കെതിരായ ഭീഷണിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS