ആര്‍ത്തവക്കുടിലില്‍ താമസിപ്പിച്ച നേപ്പാളി വീട്ടമ്മയും രണ്ടുകുട്ടികളും ശ്വാസംമുട്ടിമരിച്ചു

By anju.11 01 2019

imran-azhar

 

കാഠ്മണ്ഡു: ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ വായുസഞ്ചാരമില്ലാത്ത കുടിലില്‍ മാറിത്താമസിക്കേണ്ടിവന്ന നേപ്പാളി വീട്ടമ്മയും രണ്ടുമക്കളും ശ്വാസംമുട്ടിമരിച്ചു. പടിഞ്ഞാറന്‍ നേപ്പാളിലെ ബാജുര ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. 35-കാരിയായ അംബ ബൊഹാറയും 12-ഉം ഒമ്പതും വയസ്സുള്ള ആണ്‍കുട്ടികളുമാണ് മരിച്ചത്.

 

മാസമുറ സമയത്ത് സ്ത്രീകളെ വീട്ടില്‍നിന്ന് ദൂരേയുള്ള കുടിലുകളിലേക്ക് മാറ്റുന്ന പ്രാകൃതരീതി നേപ്പാളിന്റെ പല ഭാഗങ്ങളിലും ആചരിക്കുന്നുണ്ട്. വായുസഞ്ചാരം തീരെകുറഞ്ഞ ചെറിയ കൂരകളാണ് ഇവര്‍ക്ക് ഈ സമയത്ത് നല്‍കുന്നത്. 'ചൗപഡി' എന്നാണ് ഇതിനുപറയാറുള്ളത്. ഈ സമയത്ത് അയിത്തം കല്‍പിക്കപ്പെടുന്നതിനാല്‍ ഇവര്‍ക്ക് സ്വന്തംവീടുമായി യാതൊരുവിധ സമ്പര്‍ക്കവും പാടില്ല.

 

കനത്ത മഞ്ഞുവീഴ്ചയില്‍ കൂരയില്‍ ചൂട് നിലനിര്‍ത്താന്‍ തീകൂട്ടിയതാവാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അംബ ബൊഹാറയുടെ ഭര്‍തൃമാതാവ് പിറ്റേന്ന് കൂര തുറന്നപ്പോഴാണ് സംഭവമറിയുന്നത്. ഇവരുപയോഗിച്ച പുതപ്പ് പകുതി കരിഞ്ഞിട്ടുണ്ടെന്നും അംബ ബൊഹാറയുടെ കാലിന് പൊള്ളലേറ്റിട്ടുണ്ടെന്നും പോലീസ് മേധാവി ഉദ്ധവ് സിങ് ഭട്ട് പറഞ്ഞു.

 


പ്രാകൃതമായ ചൗപഡി താമസം 2005 ല്‍ സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചിട്ടുമുണ്ട്. എന്നാല്‍, ഒറ്റപ്പെട്ട പ്രദേശങ്ങളിലും പടിഞ്ഞാറന്‍ ഗ്രാമങ്ങളിലും ഇതിപ്പോഴും തുടരുന്നുതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 2017-ല്‍ സര്‍ക്കാര്‍ ഇത് ക്രിമിനല്‍ക്കുറ്റമാക്കി. ആചാരം പിന്തുടരുന്നവരെ മൂന്നുമാസം തടവിന് ശിക്ഷിക്കാനും 3000 രൂപ പിഴയീടാക്കാനും നിയമമുണ്ട്.


നേപ്പാളില്‍ നേരത്തേയും ഇത്തരം കൂരകളില്‍ മരണം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 21-കാരി കുടിലില്‍ ശ്വാസംമുട്ടിമരിച്ചിരുന്നു. നേരത്തേ ഒരു സ്ത്രീ പാമ്പുകടിയേറ്റും മരിച്ചു. ചൗപഡി താമസം നിരോധിക്കാന്‍ നിയമം കര്‍ശനമായി നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ ആചാരസംരക്ഷണത്തിന്റെ പേരില്‍ ഇനിയും സ്ത്രീകള്‍ മരിക്കാനിടവരുമെന്നും നേപ്പാള്‍ ദേശീയ മനുഷ്യാവകാശകമ്മിഷന്‍ മൊഹ്ന അന്‍സാരി മുന്നറിയിപ്പുനല്‍കി.

 

OTHER SECTIONS