By mathew.24 08 2019
മധുര: രാഘവാനന്ദത്തിന്റെ രണ്ട് മക്കള്‍ മൂന്ന് വര്‍ഷം മുമ്പാണ് അബദ്ധത്തില്‍ എലിവിഷം കഴിച്ച് മരിക്കുന്നത്. ബിസ്ക്കറ്റാണെന്ന് തെറ്റിദ്ധരിച്ച് മക്കള്‍ എലിവിഷം കഴിക്കുകയായിരുന്നുവെന്നാണ് ഭാര്യ രഞ്ജിത(27) പോലീസിനോടും ഡോക്ടര്‍മാരോടും പറഞ്ഞിരുന്നത്. പോലീസിന്റെ അന്വേഷണത്തില്‍ അസ്വഭാവികമായി യാതൊന്നും കണ്ടിരുന്നില്ല. ഇളയകുട്ടി രക്ഷപ്പെട്ടിരുന്നു. ഇതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു. മക്കള്‍ മരിക്കുന്ന സമയത്ത് രാഘവാനന്ദം വിദേശത്തായിരുന്നു. ഭാര്‍ഗവി(7), യുവരാജ്(5) എന്നീ കുട്ടികളാണ് മരിച്ചത്.
മക്കള്‍ മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് രാഘവാനന്ദം നാട്ടിലെത്തുന്നത്. കുട്ടികളുടെ മരണത്തില്‍ രാഘവാനന്ദത്തിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നതിനാല്‍ നാട്ടില്‍ എത്തിയപ്പോള്‍ സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങുകയായിരുന്നു. അന്വേഷണത്തില്‍ ഭാര്യ രഞ്ജിതക്ക് കല്ല്യാണരാമന്‍ എന്നൊരാളുമായി ബന്ധമുള്ളതായി രാഘവാനന്ദം കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ മരണം അപകടമല്ലെന്നും കൊലപാതകമാണെന്നും ഭാര്യയ്ക്കും കാമുകനുമാണ് പങ്കെന്നും രാഘവാനന്ദത്തിന് സ്വന്തം അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു.
കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തെളിവ് സഹിതം രാഘവാനന്ദം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചു. രാഘവാനന്ദത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് കീഴവളവ് പോലീസ് അന്വേഷണം ആരംഭിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. രാഘവാനന്ദം വിദേശത്തായിരുന്ന സമയത്ത് അടുത്ത ഇരുവരുടെയും ബന്ധം പിന്നീട്ന പ്രണയത്തിലേക്ക് കടക്കുകയായിരുന്നു.
ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതോടെ മക്കള്‍ ഇവര്‍ക്ക് തടസ്സമായി. അങ്ങനെയാണ് മക്കളെ ഒഴിവാക്കാന്‍ ഇവര്‍ തീരുമാനിക്കുന്നത്. ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിപ്രകാരം മക്കള്‍ക്ക് എലിവിഷം നല്‍കുകയായിരുന്നു. ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും പറയേണ്ടത് നേരത്തെ ആസൂത്രണം ചെയ്ത് ഇവര്‍ പോലീസിനെയും ഡോക്ടര്‍മാരെയും കബളിപ്പിച്ചു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. വ്യാഴാഴ്ച പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.