പുനർനിർമ്മാണം: കേരളത്തിന് 1725 കോടിയുടെ സഹായവുമായി ലോകബാങ്ക്

By Online Desk .28 06 2019

imran-azhar

 

 

ന്യൂഡല്‍ഹി: പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് കേരളത്തിന് ലോകബാങ്കിന്റെ 25 കോടി ഡോളര്‍ സഹായം. ഏകദേശം 1725 കോടിയോളം രൂപയാണ് ഒന്നാം ഘട്ട സഹായമായി ലഭിക്കുക. രണ്ടു ഘട്ടമായാണ് സഹായം ലഭിക്കുക. 15.96 കോടി ഡോളര്‍ ഇന്റര്‍നാഷണല്‍ ഡവല്പ്‌മെന്റ് അസോസിയേഷനില്‍ നിന്ന് 1.25 ശതമാനം വാര്‍ഷിക പലിശ നിരക്കിലാണ് ലഭിക്കുന്നത്. ശേഷിക്കുന്ന 9.04 കോടി ഡോളര്‍ അടിസ്ഥാനപരമായ രാജ്യാന്തര നിരക്ക് ( ലൈബോര്‍ റേറ്റ് ) അനുസരിച്ചായിരിക്കും. ഇതാകട്ടെ മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാകാം. ഇരുപത്തഞ്ച് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ആദ്യ അഞ്ച് വര്‍ഷം ഗ്രേസ് പീരിയഡാണ്. ഇതുള്‍പ്പെടെ വായ്പ തിരിച്ചടവിന് 30 വര്‍ഷത്തെ സാവകാശം ലഭിക്കും.


ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വിഭാഗം അഡിഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെ, കേരളത്തിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, ലോകബാങ്കിന് വേണ്ടി ഇന്ത്യയിലെ ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദ് എന്നിവര്‍ ത്രികക്ഷി കരാറില്‍ ഒപ്പിട്ടു. 2018ലുണ്ടായ പ്രളയം കേരളത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ലോകബാങ്ക് പ്രതിനിധികള്‍ നേരിട്ടു വിലയിരുത്തിയിരുന്നു. 54 ലക്ഷം പേരെ ബാധിച്ചിട്ടുണ്ടെന്നാണ് ലോകബാങ്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസന പുനര്‍നിര്‍മാണത്തിന് കൂടുതല്‍ സഹായം വേണമെന്നായിരുന്നു ലോകബാങ്ക് റിപ്പോര്‍ട്ട്. കേരളത്തിന് ആവശ്യമായ കൂടുതല്‍ ധനസഹായത്തിന് സാങ്കേതിക സഹായവും ഉപദേശവും നല്‍കാമെന്നും ലോകബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.


ജലവിതരണം, ജലസേചനം, നദീതട വികസനം, അഴുക്ക് ചാല്‍ പുനര്‍ നിര്‍മാണം, സുസ്ഥിര കാര്‍ഷിക വികസനം, റോഡ് നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ചെലവഴിക്കുന്നതിനുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. അടിയന്തരമായി വായ്പ കൈമാറാന്‍ ഈ മാസം ആദ്യം വാഷിംഗ്ടണില്‍ ചേര്‍ന്ന ലോകബാങ്ക് ഡയറക്റ്റര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചാണ് കേരളം വായ്പയ്ക്കുള്ള അനുമതി തേടിയത്. കേന്ദ്ര സര്‍ക്കാര്‍ വായ്പാ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കാത്തതാണ് സഹായത്തിന് ഇത്രയധികം കാലതാമസമുണ്ടായത്.


പ്രളയ പുനര്‍ നിര്‍മാണത്തിന് 500 മില്യണ്‍ ഡോളറിന്റെ (3683 കോടി രൂപ) സാമ്പത്തിക സഹായമായിരുന്നു നേരത്തെ ലോക ബാങ്ക് വാഗ്ദാനം ചെയ്തിരുന്നത്. പ്രളയത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം ലോകബാങ്ക് പ്രതിനിധികള്‍ തലസ്ഥാനത്ത് സെക്രട്ടേറിയറ്റില്‍ എത്തി മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. റീ ബില്‍ഡ് കേരള ഇനിഷേറ്റീവ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഇതിന് ശേഷമായിരുന്നു സഹായം നല്‍കുന്നതിനുള്ള മേഖലകളിലെ മുന്‍ഗണന നിശ്ചയിച്ചത്. വീടുകളുടെ പുനര്‍ നിര്‍മാണത്തിനുള്ള സഹായവും അന്ന് വാഗ്ദാനം നല്‍കിയിരുന്നു. 27 ന് വാഷിംഗ്ടണില്‍ ചേര്‍ന്ന വായ്പാ വിഭാഗം ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ല. ഇതു സംബന്ധിച്ച് അടുത്ത ഘട്ടത്തില്‍ ചര്‍ച്ച നടക്കും. ഇപ്പോള്‍ നല്‍കുന്ന വായ്പയ്ക്ക് നിശ്ചയിച്ചിരിക്കുന്ന മേഖലകളും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും മേഖല മാറ്റുകയോ, ഫണ്ട് വകമാറ്റുകയോ ചെയ്താല്‍ തുടര്‍ വായ്പകള്‍ മരവിപ്പിക്കാന്‍ ലോകബാങ്കിന് കഴിയും.

OTHER SECTIONS