ഗുര്‍പ്രീത് സിങ് സന്ധു തിളങ്ങി; ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ

By mathew.11 09 2019

imran-azhar

 

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യയ്ക്ക് വിജയതുല്യമായ സമനില. സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ അതിമനോഹരങ്ങളായ സേവുകളുടെ കരുത്തിലാണ് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ ഇന്ത്യ സമനിലയില്‍ തളച്ചത്.

ഗോളെന്നുറപ്പിച്ച ഖത്തറിന്റെ അര ഡസന്‍ ഷോട്ടുകളെങ്കിലും ഗുര്‍പ്രീത് രക്ഷപ്പെടുത്തി. ലോങ് റേഞ്ചറുകള്‍, ഫ്‌ലിക്കുകള്‍, ഡൈവിങ് ഹെഡര്‍ എന്നിങ്ങനെ പഠിച്ച പണി പതിനെട്ടും നോക്കിയ ഖത്തറിന് ഒരിക്കല്‍ പോലും പന്ത് വലയിലെത്തിക്കാനായില്ല. സെന്റര്‍ ബായ്ക്കുകളായ സന്ദേശ് ജിങ്കാന്‍, ആദില്‍ ഖാന്‍ എന്നിവരുടെ ക്ലിയറന്‍സുകളും ഇന്ത്യയ്ക്കു രക്ഷയായി.

ഫിനിഷിങ്ങില്‍ ഖത്തര്‍ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ആശയക്കുഴപ്പവും ഇന്ത്യയ്ക്ക് തുണയായി. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഒമാനോട് 2-1 ന് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.

ഏഷ്യന്‍ കപ്പ് ജേതാക്കളും ഫിഫ റാങ്കിങ്ങിലെ 62ാം സ്ഥാനക്കാരുമായ ഖത്തറിനെതിരെ 'പാര്‍ക്കിങ് ദ് ബസ്' മാതൃകയിലുള്ള ഇന്ത്യയുടെ ഡിഫന്‍സീവ് ഗെയിമാണ് വിജയം കണ്ടത്. ആദ്യ പകുതിയില്‍ പ്രതിരോധത്തില്‍ മാത്രമായിരുന്നു ഇന്ത്യയുടെ ശ്രദ്ധ. മാര്‍ക്കിങ്ങില്‍ കണിശത പാലിച്ച ഇന്ത്യന്‍ പ്രതിരോധനിര ബോക്‌സിനുള്ളില്‍ അണിനിരന്നതോടെ, ലോങ് റേഞ്ചറുകളും ഹൈ ബോളുകളും പരീക്ഷിക്കുകയായിരുന്നു ഖത്തര്‍. ഖത്തര്‍ താരങ്ങള്‍ കളി കൂടുതല്‍ കടുപ്പിച്ച രണ്ടാം പകുതിയിലാണ് ഇന്ത്യയ്ക്ക് ഏതാനും അര്‍ധാവസരങ്ങളെങ്കിലും ലഭിച്ചത്. എന്നാല്‍ വലതുപാര്‍ശ്വത്തില്‍ ഉദാന്ത സിങ്ങിനൊപ്പം ഓടിനില്‍ക്കാന്‍ മറ്റൊരാള്‍ ഇല്ലാതെ പോയത് ഇന്ത്യയ്ക്കും തിരിച്ചടിയായി. ഫിഫ റാങ്കിങ്ങില്‍ 103ാം സ്ഥാനത്താണ് ഇന്ത്യ.

 

OTHER SECTIONS