സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By mathew.23 09 2019

imran-azhar

 

തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ചൊവ്വാഴ്ച നാല് ജില്ലകള്‍ക്കും ബുധനാഴ്ച എട്ട് ജില്ലകള്‍ക്കും വ്യാഴാഴ്ച ഒമ്പത് ജില്ലകള്‍ക്കുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആന്ധ്രാ തീരത്തിനടുത്ത് കടലില്‍ രൂപപ്പെട്ട അന്തരീക്ഷച്ചുഴി കാരണമാകും മഴയുണ്ടാവുക.

ഗുജറാത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി മാറുമെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ ഒമാന്‍ തീരത്തേക്ക് നീങ്ങും. ഇതു കേരളത്തെ ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകുന്നതിന് കേരള തീരത്ത് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.

 

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

OTHER SECTIONS