യുവാവിന്റെ ആത്മഹത്യ: കള്ളക്കേസില്‍ കുടുക്കുമെന്ന പൊലീസ് ഭീഷണിയെത്തുടര്‍ന്നെന്നു ബന്ധുക്കള്‍

By online desk .16 05 2019

imran-azhar

 

 

തിരുവന്തപുരം: യുവാവ് ആത്മഹത്യ ചെയ്തത് കള്ളക്കേസില്‍ കുടുക്കുമെന്ന പോലീസ് ഭീഷണിയില്‍ മനം നൊന്തെന്നു ബന്ധുക്കള്‍. കരകുളം ആറാംകല്ല് മാങ്കോട് കട്ടയ്ക്കാല്‍ വീട്ടില്‍ സുരേന്ദ്രന്‍ ഉഷ ദമ്പതികളുടെ മകന്‍ അരുണ്‍ (24)യാണ് വാടകവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ തിങ്കളാഴ്ച കാണപ്പെട്ടത്. അരുണ്‍ മുന്‍പ് പ്രണയത്തിലായിരുന്നു പെണ്‍കുട്ടി അരുണിനെതിരെ അരുവിക്കര പോലീസ് സ്റ്റേഷനില്‍ മാല പണയം വെച്ചതുമായി ബന്ധപ്പെട്ടു പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു അരുണിനെ സ്റ്റേഷനില്‍ വിളിപ്പിച്ച പോലീസ് അരുണിന്റെ ഭാഗം കേള്‍ക്കാതെ പെണ്‍കുട്ടിക്ക് അനുകൂലമായി തീരുമാനം എടുക്കുകയായിരുന്നെന്ന് അരുണിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും പറയുന്നു.

 

നാല് വര്‍ഷം മുന്‍പ് പ്രണയത്തിലായിരുന്ന പെണ്‍കുട്ടി അരുണെതിരെ കഴിഞ്ഞ ദിവസമാണ് അരുവിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. തന്റെ മാല അരുണ്‍ വാങ്ങി പണയം വെച്ചെന്നും, മാല തിരികെയെടുത്തു നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ടാണ് അരുണിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ മാലയ്‌ക്കൊപ്പം അരുണ്‍ തന്റെ മാലയും പണയം വെച്ചിരുന്നെന്നും, പണം പെണ്‍കുട്ടിക്ക് നല്‍കിയിരുന്നുവെന്നും അരുണ്‍ പൊലീസിനോട് പറഞ്ഞു. ഇതിന് തെളിവായി അവര്‍ തമ്മിലുള്ള ഫോണ്‍സംഭാഷങ്ങള്‍ അരുണ്‍ പൊലീസിന് കേള്‍പ്പിച്ചു കൊടുത്തു.

 

ഇതില്‍ പ്രകോപിതയായ പെണ്‍കുട്ടി അരുണും സുഹൃത്തും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചു എന്ന രീതിയില്‍ പരാതി മാറ്റാന്‍ ശ്രമം നടത്തി. ഇതിനെ അനുകൂലിച്ച പൊലീസ് പീഡനക്കേസ് ചാര്‍ജ് ചെയ്യുമെന്നും, അങ്ങനെ വന്നാല്‍ റിമാന്‍ഡില്‍ പോകുമെന്നും അരുണിനെ ഭീഷണിപ്പെടുത്തി. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വാഹനവുമായാണ് അരുണ്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നത്. പെണ്‍കുട്ടി പരാതിയില്‍ സൂചിപ്പിച്ച സുഹൃത്തിനെ വിളിച്ചുകൊണ്ടു വരാനും ഇല്ലെങ്കില്‍ വാഹനം വിട്ടുതരില്ലായെന്നും പറഞ്ഞു വാഹനത്തിന്റെ താക്കോലും ഫോണും പിടിച്ചു വാങ്ങിവെച്ചു. ഇതിനെല്ലാം സാക്ഷിയായി അരുണിന്റെ സുഹൃത്ത് ഉണ്ണി സ്റ്റേഷനില്‍ ഉണ്ടായിരുന്നു. ഉച്ചയോടു കൂടി അരുണിന്റെ മാതാപിതാക്കളെ വിളിച്ചു വരുത്തി. അവര്‍ വന്നപ്പോള്‍ തന്നെ നിര്‍ബന്ധിച്ചു പറഞ്ഞു വിട്ടെന്ന് ഉണ്ണി പറഞ്ഞു.

 

പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്താല്‍ അരുണ്‍ റിമാന്‍ഡില്‍ പോകുമെന്നും കേസ് ഒത്തുതീര്‍പ്പാക്കുന്നതാണ് നല്ലതെന്നും പോലീസ് അരുണിന്റെ മാതാവിനോട് പറഞ്ഞു. അരുണ്‍ ഇത് നിഷേധിച്ചെങ്കിലും ഭയന്ന് പോയ മാതാവ് ഒത്തുതീര്‍പ്പിനു സമ്മതിക്കുകയായിരുന്നു. രണ്ടുമാസത്തിനുള്ളില്‍ പണയം വെച്ച മാല എടുത്തു കൊടുത്തുകൊള്ളാമെന്ന ധാരണയായ ശേഷമാണ് അരുണിനെയും മാതാപിതാക്കളെയും രാത്രിയില്‍ സ്റ്റേഷനില്‍ നിന്നും വിട്ടത്. പക്ഷേ അരുണ്‍ വന്ന വാഹനം പോലീസ് വിട്ടുനല്‍കിയില്ല.

 

അന്ന് രാത്രി തിരികെയെത്തിയ അരുണ്‍ ആത്മഹത്യാക്കുറിപ്പെഴുതി വെച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു. തന്റെ മരണത്തിനു ഉത്തരവാദി പരാതിക്കാരിയായ പെണ്‍കുട്ടിയാണെന്നും തന്റെ ഭാഗം അരുവിക്കര സിഐ കേട്ടില്ലെന്നും താന്‍ പോലീസ് സ്റ്റേഷനില്‍ അപമാനിതനായെന്നും അരുണിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന സമയത്ത് പെണ്‍കുട്ടിയെയും കുടുംബത്തെയും സാമ്പത്തികമായി അരുണ്‍ സഹായിച്ചിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയുടെ വിവാഹത്തിന് വേണ്ടിയും അരുണ്‍ കാശ് നല്‍കിയിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നു ആഗ്രഹിച്ചിരുന്ന അരുണ്‍ പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മനസിലാക്കി വേര്‍പിരിയുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പിടിച്ചു വെച്ച വാഹനം തിരികെയെടുക്കാന്‍ ചെന്ന അരുണ്‍ ജോലി ചെയ്തിരുന്ന സ്ഥാപന ഉടമയോട് അരുണ്‍ വന്നത് ബൈക്കിലാണെന്നു കരുതിയാണ് താക്കോല്‍ പിടിച്ചുവെച്ചതെന്നും അരുണ്‍ മദ്യപിച്ചിരുന്നെന്നുമുള്ള ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ലഭിച്ചത്. അരുവിക്കര സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അരുണിനെ സ്റ്റേഷനില്‍ വിളിപ്പിക്കുക മാത്രമാണ് ചെയ്‌തെന്നാണ് പോലീസ് ഭാഷ്യം.


സല്‍സ്വഭാവി, സ്വന്തം കുടുംബാംഗത്തെ പോലെ

 

അരുണിനെക്കുറിച്ചു നല്ലത് മാത്രമേ പറയാന്‍ ഉള്ളെന്നു അരുണിന്റെ തൊഴിലുടമ റെന്‍. ഒന്നര വര്ഷം മുന്‍പാണ് റെനിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ അരുണ്‍ ഡ്രൈവറായി ജോലിക്ക് പ്രവേശിച്ചത്. നല്ല പെരുമാറ്റവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും കൊണ്ട് പെട്ടന്ന് തന്നെ അരുണ്‍ ഒരു കുടുംബാംഗത്തെപ്പോലെയായി. മിക്കപ്പോഴും റെനിന്റെ വീട്ടില്‍ നിന്നാണ് അരുണ്‍ ഉച്ചഭക്ഷണം കഴിച്ചിരുന്നത്. പെണ്‍കുട്ടിയുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം അരുണ്‍ റെന്നിനോടും ഭാര്യയോടും പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി കൊടുത്ത കാര്യം തന്നെ അറിയിച്ചില്ലെന്നു റെന്‍ പറഞ്ഞു. താന്‍ വ്യാപാര സംബന്ധമായി മലേഷ്യയില്‍ പോയ സമയത്താണ് ഈ സംഭവങ്ങള്‍ നടന്നത്. അരുണ്‍ തന്നെ വിളിച്ചു എന്ന് വരുമെന്ന് ചോദിച്ചിരുന്നു, എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. തന്റെ വണ്ടിയുമായാണ് സംഭവ ദിവസം അരുണ്‍ പൊലീസ് സ്റ്റേഷനില്‍ പോയത്. പൊലീസുകാര്‍ അരുണിനെ ഭീഷണിപ്പെടുത്തി വണ്ടി സ്റ്റേഷനില്‍ പിടിച്ചിട്ടു.

OTHER SECTIONS