ഡോ. പി.പി. ജോസഫ് അന്തരിച്ചു; വിടവാങ്ങിയത് ഇ.എം.എസിന്റെയും ഇ.കെ. നായനാരുടെയും വിശ്വസ്ത ഡോക്ടർ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ പ്രൊഫസറും കോസ്‌മോപൊളിറ്റൻ ആശുപത്രിയിലെ മുൻ ഡയറക്ടറും ജനറൽ മെഡിസിൻ സീനിയർ കൺസൾട്ടന്റുമായ ഡോ. പി.പി. ജോസഫ് (87)നിര്യാതനായി. രണ്ടാഴ്ച മുമ്പ് പനിയും നെഞ്ചിൽ ഉണ്ടായ അണുബാധയും മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടേകാലോടെ മരിച്ചു.

author-image
sisira
New Update
ഡോ. പി.പി. ജോസഫ് അന്തരിച്ചു; വിടവാങ്ങിയത് ഇ.എം.എസിന്റെയും ഇ.കെ. നായനാരുടെയും വിശ്വസ്ത ഡോക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ പ്രൊഫസറും കോസ്‌മോപൊളിറ്റൻ ആശുപത്രിയിലെ മുൻ ഡയറക്ടറും ജനറൽ മെഡിസിൻ സീനിയർ കൺസൾട്ടന്റുമായ ഡോ. പി.പി. ജോസഫ് (87)നിര്യാതനായി.

രണ്ടാഴ്ച മുമ്പ് പനിയും നെഞ്ചിൽ ഉണ്ടായ അണുബാധയും മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടേകാലോടെ മരിച്ചു.

മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ. നായനാർ തുടങ്ങിയവരുടെ വിശ്വസ്തനായ ഡോക്ടറായിരുന്നു ജോസഫ്.

മലയാറ്റൂർ സ്വദേശിയായ ഇദ്ദേഹം 1951-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യബാച്ചിലെ വിദ്യാർത്ഥിയായിരുന്നു.

പിന്നീട് ബ്രിട്ടനിലെ എഡിൻബർഗ്, ഗ്ളാസ്‌ഗോ സർവ്വകലാശാലകളിൽ നിന്ന് എം.ആർ.സി.പി. ബിരുദവും നേടി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1965-ൽ ഇന്തോ-പാക് യുദ്ധസമയത്ത് അദ്ദേഹം സൈന്യത്തിൽ ചേർന്ന് യുദ്ധമുന്നണിയിൽ പ്രവർത്തിച്ചു.

1971-ൽ മേജർ പദവിയിൽ നിന്ന് സൈന്യത്തിൽ നിന്ന് വിരമിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലും സേവനമനുഷ്ഠിച്ച ഡോ.പി.പി. ജോസഫ് 1989-ൽ തിരുവനന്തപുരത്ത് നിന്നാണ് വിരമിച്ചത്.

15 വർഷം എം.എൽ.എ.മാരുടെയും മന്ത്രിമാരുടെയും ഔദ്യോഗിക ഡോക്ടറായും സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയനേതാക്കളുടെയെല്ലാം വിശ്വസ്തനായ ഡോക്ടറായിരുന്നു.

വിരമിച്ചശേഷം അടുത്തിടെ അസുഖബാധിതനാകുന്നതുവരെ കോസ്‌മോപൊളിറ്റൻ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: ലീല ജോസഫ് (തൃശ്ശൂർ ചാണ്ടി കുടുബാംഗം). മക്കൾ: ഡോ. ജേക്കബ് (യു.എസ്), ഡോ. തെരേസ (യു.കെ.), ഡോ. ബിനു ( യു.കെ). മരുമക്കൾ: ഡോ. ലിജ (യു. എസ്), ഡോ. ജോമി (യു. കെ), ഡോ. ആന്റണി (യു. കെ).

dr pp joseph tvm