ക്ഷീണം മാറ്റാന്‍ കൂടുതല്‍ കരുത്തോടെ മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി പോരാട്ടം ഇന്ന് വൈകുന്നേരം 7.30ന് കൊച്ചിയില്‍

By Online Desk.20 10 2018

imran-azhar

 

 

കൊച്ചി: ഐഎസ്എല്ലില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബയ് സിറ്റിയുമായി സമനില വഴങ്ങിയതിന്റെ ക്ഷീണം മാറ്റാന്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരല ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഹേംഗ്രൗണ്ടായ കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ ഇന്നിറങ്ങും. ഡല്‍ഹി ഡൈനാമോസാണ് മഞ്ഞപ്പടയുടെ എതിരാളി. എടികെ യുമായി കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ എതിരാളികളെ തകര്‍ത്തെറിഞ്ഞെങ്കിലും രണ്ടാം മത്സരത്തില്‍ സമനിലയില്‍ തളയ്ക്കപ്പെടുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഇന്നത്തേത് ടീമിന്റെ മൂന്നാം മത്സരമാണ്, രണ്ടാം ഹോം മാച്ചും.


ഇന്നത്തെ കളിയില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നില്ല. ആദ്യ ഹോം മത്സരത്തില്‍ തന്നെ വിജയം നേടി സീസണിലെ മികച്ച ഫോം തുടരാന്‍ അവസരമുണ്ടായിരുന്നിട്ടും മത്സരത്തിന്റെ അവസാന നിമിഷം കലമുടയ്ക്കുകയാണ് ടീം ചെയ്തത്. മുംബയ്‌യോട് അവസാന നിമിഷം സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണം തീര്‍ത്ത് ഈ സീസണിലെ ഹോം മത്സരത്തിലെ ആദ്യജയം സ്വന്തമാക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.

 

മത്സരത്തിനിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിനു തന്നെയാണ് കൂടുതല്‍ മുന്‍തൂക്കം. കഴിഞ്ഞ രണ്ടു കളിയിലും ആധികാരികമായ പ്രകടനമാണ് ടീം കാഴ്ച വെച്ചത്. അതിനു പുറമേ പരിക്കില്‍ നിന്നും മോചിതനായ പ്രശാന്തും ടീമില്‍ ഇടം പിടിക്കുമെന്ന സൂചനകളുണ്ട്. പ്രശാന്തിന്റെ സ്വാഭാവിക പൊസിഷനായ വലതു വിങ്ങ് ബാക്കില്‍ റാകിപ് തകര്‍പ്പന്‍ പ്രകടനമായതു കൊണ്ട് ആ പൊസിഷനില്‍ താരത്തെ കളിപ്പിക്കാതെ മുന്നേറ്റനിരക്കൊപ്പം പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. പ്രശാന്തിനു പുറമേ ഫ്രഞ്ച് പ്രതിരോധ താരം സിറില്‍ കാലിയും ടീമിലെത്തുമെന്നു സൂചനകളുണ്ട്.

 

രണ്ടു കളിയില്‍ നിന്നും ഒരു പോയിന്റ് മാത്രം നേടിയ ഡല്‍ഹിക്ക് കൊച്ചിയിലെ മൈതാനത്ത് കളിക്കാനിറങ്ങുന്നത് അത്ര സുഖകരമായിരിക്കില്ല. മൂന്നു ദിവസത്തിനിടെ രണ്ടു മത്സരങ്ങള്‍ കളിക്കേണ്ടി വന്നതും ടീമിന്റെ പ്രകടനങ്ങളെ ബാധിക്കാനിടയുണ്ട്. മുന്നേറ്റനിര ഗോളുകള്‍ കണ്ടെത്താന്‍ വിഷമിക്കുന്നതും ഡല്‍ഹിക്ക് തിരിച്ചടിയാണ്. രണ്ടു മത്സരങ്ങളില്‍ നിന്നും അവര്‍ ഒരു ഗോള്‍ മാത്രം നേടിയപ്പോള്‍ മൂന്നു ഗോള്‍ വഴങ്ങി.

 

അതേസമയം ഇന്നത്തെ മത്സരത്തില്‍ ആരാധകര്‍ ആയിരിക്കില്ല വിധി എഴുതുന്നതെന്ന് ഡല്‍ഹിയിടെ അസിസ്റ്റന്റ് കോച്ച് മൃദുല്‍ ബാനര്‍ജി അഭിപ്രായപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്‌സിന് അവരുടെ ഹോം ഗ്രൗണ്ടില്‍ മികച്ച ആരാധക പിന്തുണ കിട്ടുന്നുണ്ട്. പക്ഷേ ഇന്നത്തെ മത്സരത്തില്‍ അത് വിലപോകില്ല. ആരാധകര്‍ അല്ല, താരങ്ങളും ടാക്ടിക്‌സുമാണ് മത്സരത്തിന്റെ ഫലം തീരുമാനിക്കുക എന്നും മൃദുല്‍ ബാനര്‍ജി പറഞ്ഞു.

 

കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കേരളത്തിന്റെ ഡിഫന്‍സ് കരുത്തുറ്റതാണ്. അതിനെ കീഴ്‌പ്പെടുത്താന്‍ കഷ്ടപ്പെടേണ്ടി വരും എന്നും ഡെല്‍ഹി അസിസ്റ്റന്റ് കോച്ച് പറഞ്ഞു. ഡല്‍ഹി ഡൈനാമോസ് കളിച്ചിട്ട് മൂന്ന് ദിവസമെ ആയുള്ളൂ എന്നതും കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാഴ്ചയോളം വിശ്രമം കിട്ടി എന്നതും തങ്ങള്‍ കാര്യമാക്കുന്നില്ല എന്നും ബാനര്‍ജി പറഞ്ഞു.

 

OTHER SECTIONS