By parvathyanoop.04 07 2022
തന്റെ മകളുടെ മരണ വാര്‍ത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണ. ആറു വയസുള്ള മകള്‍ ജുലിറ്റയുടെ മരണ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തെ തുടര്‍ന്ന് ഏപ്രില്‍ ഒമ്പതിനായിരുന്നു ജുലിറ്റയുടെ മരണം. ദുഃഖത്തില്‍ നിന്ന് കുടുംബം മോചിതരാകാതിരുന്നതാണ് മരണ വാര്‍ത്ത പുറംലോകം അറിയാന്‍ വൈകിയത്. താനും തന്റെ കുടുംബവും വലിയ വേദനയില്‍ ആണെന്നും തന്റെ മകളുടെ ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും എന്നും ലൂണ പറഞ്ഞു.
തന്റെ മകള്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ തന്നെ പഠിപ്പിച്ചു എന്നും ഒരിക്കലും പരാജയം സമ്മതിക്കരുത് എന്നതാണ് അതില്‍ പ്രധാന പാഠം എന്നും ലൂണ പറഞ്ഞു. അവസാന ശ്വാസം വരെ അവള് പോരാടി. അത് താന്‍ ഒരിക്കലും മറക്കില്ലെന്നും ലൂണ കുറിച്ചു.കഴിഞ്ഞ സീസണില്‍ ഐഎസ്എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്സ് എത്തുന്നതില്‍ 30 കാരനായ ലൂണ വലിയ പങ്കുവഹിച്ചു. എന്നാല്‍ ഹൈദ്രാബാദ് എഫ്സിയോട് പെനാല്‍റ്റിയില്‍ തോറ്റിരുന്നു. ഇത് മൂന്നാം തവണയാണ് ഐഎസ്എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്സ് തോല്‍ക്കുന്നത്.
പരിശീലകന് ഇവാന് വുകോമനോവിച്ചിന്റെ പ്രധാന അസ്ത്രമാണ് ലൂണ. അതിന് തക്കതായ കാരണവുമുണ്ട്. അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ എന്ന പേര് മാത്രമെ ലൂണയ്ക്കുള്ളു. ചിലപ്പോള്‍ അയാള്‍ വാസ്ക്വസിനൊപ്പം മുന്നേറ്റ നിരയിലുണ്ടാകും. അല്ലെങ്കില്‍ സഹലിനൊപ്പം മധ്യനിരയില്‍. എതിര് ടീമിന്റെ കുതിപ്പിന് തടയിടാന്‍ പ്രതിരോധ നിരയ്ക്കൊപ്പവും ലൂണയുണ്ടാകാറുണ്ട്.അഡ്രിയാന്‍ ലൂണ, കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വെറുമൊരു താരമല്ലയാള്. ടീമിന്റെ എന്ജിന് എന്ന് തന്നെ വിശേഷിപ്പിക്കാം ലൂണയെ. കളിയുടെ 90 മിനിറ്റുകളും ഊര്‍ജം ഒട്ടും ചോരാതെ പന്തിനായി പോരാടുന്ന താരമാണ് അദ്ദേഹം.
സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പില്‍ മറ്റാരേക്കാളും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് ഡിയേഗൊ ഫോര്ലാന്റെയും ലൂയി സൂവാരസിന്റെയും ഉറുഗ്വായില്‍ നിന്നെത്തിയ ലൂണ. മെസിയുടെ ആരാധകനായ ലൂണ, മെസിയെ പോലെ തന്നെ കളത്തില്‍ മഴവില്ലെഴുതുന്ന പ്രതിഭകൂടിയാണ്.മെല്‍ബണ്‍ സിറ്റിയില്‍ നിന്ന് രണ്ട് വര്‍ഷത്തെ കരാറിലാണ് ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലെത്തിയത്. മെല്‍ബണ്‍ സിറ്റിക്കായി 24 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും നാല് അസിസ്റ്റുമാണ് ലൂണ നല്‍കിയത്. 2010 ല്‍ ഡിഫന്സറിലൂടെയാണ് ലൂണയുടെ അരങ്ങേറ്റം. പിന്നീട് സ്പാനിഷ് ലാ ലിഗാ ക്ലബ്ബായ ആര്‍സിഡി എസ്പാനിയോളില്‍ എത്തി. കേവലം ക്ലബ്ബ ഫുട്ബോളില്‍ മാത്രമായിരുന്നില്ല ലൂണയുടെ മികവ് കണ്ടത്.
ഉറുഗ്വായിക്കായി അണ്ടര്‍ 17, 20 ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങി ഒന്‍പത് ഗോളുകള്‍ നേടി. 2009 ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഉറുഗ്വായി ടീമിലും ലൂണയുണ്ടായി. പിന്നീട് അണ്ടര്‍ 20 ലോകകപ്പിലും താരം കളിച്ചു. ഇരു ടൂര്‍ണമെന്റുകളിലും ഓരോ ഗോള്‍ വീതം നേടി.